Connect with us

Kerala

റേഷന്‍ വിതരണം: അനര്‍ഹരെ പടിക്കു പുറത്താക്കാന്‍ വരുന്നു, 'സ്‌പെഷ്യല്‍ ഗ്രാമസഭ'

Published

|

Last Updated

കണ്ണൂര്‍: ദരിദ്രരെ പിന്തള്ളി മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയ അനര്‍ഹരെ പിടികൂടി പടിക്കുപുറത്താക്കാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്‌പെഷല്‍ ഗ്രാമസഭ ചേരാന്‍ നടപടിയാകുന്നു. മുന്‍ഗണനാ പട്ടികയിലുണ്ടായ ക്രമക്കേടിനെച്ചൊല്ലിയുള്ള പരാതികളും പരിഹാര നടപടികളും അവസാനഘട്ടത്തിലെത്തിയതോടെയാണ് ഇപ്പോഴും അനധികൃതമായി റേഷന്‍ കൈപ്പറ്റുന്ന “സമ്പന്നരെ” പിടികൂടാനുള്ള അവസാനവട്ട തന്ത്രങ്ങളുമായി ഭക്ഷ്യവകുപ്പ് രംഗത്തെത്തുന്നത്. ഫെബ്രുവരിയിലെ റേഷന്‍ കാര്‍ഡ് വിതരണത്തിനു മുമ്പ് എല്ലാ ജില്ലകളില്‍ നിന്നും അനധികൃതമായി റേഷന്‍വാങ്ങുന്നവരെ കണ്ടെത്തി ഒഴിവാക്കാനുള്ള നടപടികളാണ് ഊര്‍ജിതമാക്കുന്നത്. സ്വമേധയാ ഒഴിഞ്ഞു പോകാത്ത അനര്‍ഹരെ കണ്ടെത്താന്‍ ഈ മാസാവസാനത്തോടെ പ്രത്യേക ഗ്രാമസഭകള്‍ ചേരാനുള്ള നടപടിയുണ്ടാകും. ബന്ധപ്പെട്ട സിവില്‍ സപ്ലൈസ്-പഞ്ചായത്ത് -വില്ലേജ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഗ്രാമസഭായോഗങ്ങളില്‍ ഓരോവാര്‍ഡിലും റേഷന്‍ കൈപ്പറ്റുന്ന അനര്‍ഹരെ കണ്ടെത്തി അവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള സംവിധാനമാണ് ആവിഷ്‌കരിക്കുക. ഇത്തരത്തില്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാകാത്തവര്‍ക്കെതിരെ ആക്ഷേപമുണ്ടെങ്കില്‍ നടപടിയെടുക്കാനും പിന്നീട് ശിപാര്‍ശയുണ്ടാകും.
താലൂക്ക് കേന്ദ്രമാക്കി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരെ ഉള്‍പ്പെടുത്തിയുള്ള സംഘത്തിന്റെ പരിശോധനകളിലും അനര്‍ഹരെ കണ്ടെത്താന്‍ പീന്നീട് സംവിധാനമുണ്ടാക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ മറപിടിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ കയറിക്കൂടിയ അനര്‍ഹരെയും മുന്‍ഗണനാ പട്ടികയില്‍ നിന്ന് നീക്കും.
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ജില്ലയിലെ മിക്ക തദ്ദേശസ്ഥാപനങ്ങളിലും പുതുതായി തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്നവര്‍ നിരവധിയാണ്. ഭക്ഷ്യസുരക്ഷാപദ്ധതി പ്രകാരം റേഷന്‍ ആനുകൂല്യങ്ങള്‍ക്കുള്ള മുന്‍ഗണനാ കരട് പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ലാത്തവരാണ് തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ റേഷന്‍ വാങ്ങാന്‍ ശ്രമിക്കുന്നത്. തൊഴിലെടുക്കുന്നില്ലെങ്കിലും ഭാവിയില്‍ പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ചിലര്‍ തൊഴില്‍ കാര്‍ഡുകള്‍ എടുത്തിട്ടുണ്ട്. റേഷന്‍ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാന്‍ കഴിയാതെ നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് ഒട്ടേറെപ്പേര്‍ സൗജന്യ റേഷന്‍ വാങ്ങാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തിലും നടപടിയുണ്ടാകുമെന്ന് ഭക്ഷ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം ചില ജില്ലകളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇതിനകം പരിശേധനകള്‍ തുടങ്ങിയിട്ടുണ്ട്. അര്‍ഹതയില്ലാത്ത ആരെങ്കിലും റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ടെങ്കില്‍ അവരുടെ പേരും വിലാസവും അവരുള്‍പ്പെടുന്ന റേഷന്‍ കടയുടെ പേര്, കാര്‍ഡ് നമ്പര്‍, അനര്‍ഹരാവാനുള്ള കാരണം എന്നിവ സഹിതം അയച്ച് നല്‍കുകയോ കലക്ട്രേറ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടിയില്‍ പരാതി ആയി നിക്ഷേപിക്കുകയോ ചെയ്യാമെന്നും ഉപഭോക്താക്കളെ നേരില്‍ അറിയാവുന്ന റേഷന്‍ ഷോപ്പ് ഉടമകള്‍ക്ക് വിവരങ്ങള്‍ നല്‍കാമെന്നും ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പരാതിയില്‍ പരാതിക്കാരന്റെ പേരും വിലാസവും നിര്‍ബന്ധമില്ലെന്ന വ്യവസ്ഥ വെച്ചതോടെ എല്ലാ ജില്ലകളില്‍ നിന്നും നിരവധി പരാതികളാണ് സിവില്‍ സപ്ലൈസ് ഓഫീസുകളിലെത്തുന്നത്. സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവര്‍, സര്‍വ്വീസ് പെന്‍ഷനര്‍മാര്‍ ,ആയിരം ചതുരശ്ര അടിക്ക് മീതെ വീട്, ഫഌറ്റുള്ളവര്‍, ആദായനികുതി കൊടുക്കുന്നവര്‍, സ്വന്തമായി നാല് ചക്രവാഹനമുള്ളവര്‍ (നാല് ചക്രമുള്ള ഓട്ടോ ഒഴിവാക്കിയിട്ടുണ്ട്). സ്വന്തമായി ഒരേക്കറിലധികം ഭൂമിയുള്ളവര്‍. പ്രതിമാസം 25000 ത്തിലധികം സ്ഥിരവരുമാനമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ യോഗ്യരല്ലെന്നതാണ് വ്യവസ്ഥ. എന്നാല്‍ 15 ലക്ഷത്തിലധികം അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി റേഷന്‍ വ്യാപാരികള്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്.
കാര്‍ഡ് ഉടമകളെ മുന്‍ഗണന (പ്രയോറിറ്റി), മുന്‍ഗണനേതരം (നോണ്‍ പ്രയോറിറ്റി) എ എ വൈ, സംസ്ഥാന മുന്‍ഗണന എന്നിങ്ങനെയാണ് നിലവില്‍ തരം തിരിച്ചിട്ടുള്ളത്. ഓരോ വിഭാഗത്തിലും ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് അപേക്ഷ നല്‍കുമ്പോള്‍ തന്നെ വ്യക്തമാക്കപ്പെട്ടിരുന്നു. എന്നാല്‍ വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ ക്രിമിനില്‍ നിയമനടപടിക്കു വിധേയരാകുമെന്ന മുന്നറിയിപ്പ് പോലും അവഗണിച്ചാണു പലരും ഇപ്പോഴും തുടരുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest