നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന; കാര്‍ഗോയിലും

Posted on: January 6, 2017 10:48 am | Last updated: January 6, 2017 at 2:49 pm

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ര്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിലും കാര്‍ഗോയിലും കഴിഞ്ഞ വര്‍ഷം വന്‍ വളര്‍ച്ച രേഖപ്പെടുത്തി. 2015നെ അപേക്ഷിച്ച് 2016ല്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 17.8 % വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ കാര്‍ഗോയില്‍ 15.6 % വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

2015ല്‍ 74,16,053 പേരാണ് കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇതില്‍ 30,03,497 പേര്‍ ആഭ്യന്തരയാത്രക്കാരായിരുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണം 44,12,556. അതേ വര്‍ഷത്തില്‍ 56,196 തവണ എയര്‍ലൈനുകള്‍ സര്‍വീസ് നടത്തി (എയര്‍ക്രാഫ്റ്റ് മൂവ്‌മെന്റ്). 2016ല്‍ മൊത്തം യാത്രക്കാരുടെ എണ്ണം 87,36,061 ആയി വര്‍ധിച്ചു. 2015 നെ അപേക്ഷിച്ച് 17.80 % വര്‍ധനവ്. ഇതില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 37,64,640 ഉം രാജ്യാന്തര യാത്രക്കാരുടെ എണ്ണം 49,71,421 ഉം ആണ്.
ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25.34 % ആണ് വര്‍ധനവ്. രാജ്യാന്തരയാത്രക്കാരുടെ എണ്ണത്തിലുള്ള വളര്‍ച്ചാനിരക്ക് 12.67 ശതമാനമാണ്. 2016ല്‍ എയര്‍ക്രാഫ്റ്റ് മൂവ്‌മെന്റ് 61,463 ആയി വര്‍ധിച്ചു.
തായ്‌ലന്‍ഡിലേക്ക് നേരിട്ട് ഏയര്‍ ഏഷ്യ സര്‍വീസ് നടത്തിയത് രാജ്യാന്തര യാത്രക്കാരുടെ എണ്ണം വര്‍ധിക്കാനും ഡല്‍ഹി, മുംബൈ, ബെംഗളൂരു സര്‍വീസുകള്‍ ഗണ്യമായി വര്‍ധിച്ചത് ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ധിക്കാനും കാരണമായി.
2016ല്‍ സിയാല്‍ കൈകാര്യം ചെയ്ത കാര്‍ഗോയില്‍ 15.6 % വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2015ല്‍ 73,849.20 ടണ്‍ കാര്‍ഗോയാണ് സിയാല്‍ കൈകാര്യം ചെയ്തത്.

2016ല്‍ ഡിസംബര്‍ മാസത്തിലാണ് കൊച്ചിയിലൂടെ ഏറ്റവുമധികം പേര്‍ യാത്രചെയ്തത്. 8,19,395 യാത്രക്കാര്‍. യാത്രക്കാരുടെ എണ്ണം ഏറ്റവും കുറഞ്ഞ മാസം ഫെബ്രുവരിയാണ്; 614531 പേര്‍.
യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച കണക്കിലെടുത്ത് സിയാല്‍ 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ പണികഴിപ്പിച്ചിട്ടുണ്ട്.