Connect with us

Gulf

ത്രിമാന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അപൂര്‍വ ശസ്ത്രക്രിയ

Published

|

Last Updated

ഷാര്‍ജ: അത്യപൂര്‍വമായ ശസ്ത്രക്രിയക്ക് ഷാര്‍ജ ഖാസിമി ആശുപത്രി സാക്ഷ്യം വഹിച്ചു. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയതാകട്ടെ മലയാളിയായ ഡോ. സതീഷ് കൃഷ്ണനും. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന ഒരു റോഡപകടത്തില്‍ സ്വദേശിയും 63കാരനുമായ അബ്ദുല്ല ഹുസൈന് തലയോട്ടിക്കു സാരമായി പരുക്കേറ്റിരുന്നു. ഈ പരുക്കുകളാണ് ത്രിമാന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡോ. സതീഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അതിസാഹസികമായ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചത്.

ത്രിമാന സാങ്കേതിക വിദ്യയുപയോഗിച്ച് പുനഃസ്ഥാപിക്കുന്ന അസ്ഥികള്‍ സാധാരണ നിലയില്‍ ക്ഷതം സംഭവിച്ചാല്‍ പുനഃസ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന അസ്ഥികളെക്കാള്‍ മികവുറ്റതാണ്. ത്രിമാന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ മികവുറ്റതും കൃത്യതയാര്‍ന്നതുമായ കൃത്രിമ അസ്ഥികള്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിയും.
ഈ സാധ്യതകളാണ് ഇത്തരമൊരു അപൂര്‍വ ശസ്ത്രക്രിയക്ക് ഉപയോഗിച്ചത്. ഇത്തരത്തില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള അസ്ഥികള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് ആറ് ആഴ്ചകള്‍ വേണ്ടിവന്നു. അത്യപൂര്‍വ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത് മൂന്ന് മണിക്കൂര്‍ സമയമെടുത്താണ്. അല്‍ ഖാസിമി ആശുപത്രിയിലെ ന്യൂറോളജി വിഭാഗം തലവന്‍ കൂടിയായ ഡോ. സതീഷ് പറഞ്ഞു.

സാധാരണ ഗതിയില്‍ തലയോട്ടിക്ക് ക്ഷതമേല്‍ക്കുമ്പോള്‍ ചെയ്യുന്ന ശസ്ത്രക്രിയയേക്കാള്‍ ചെലവേറിയതാണ് ത്രിമാന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഇതിന് 30,000 ദിര്‍ഹം വരെ ചെലവ് വരും, അദ്ദേഹം ചൂണ്ടിക്കാട്ടി. നൂതന സംവിധാനങ്ങളോട്കൂടി ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിക്കുന്നതിന് ഖാസിമി ആശുപത്രിയിലെ മെഡിക്കല്‍ സംഘം വിദഗ്ധ പരിശീലനം നേടിയവരാണെന്നും അദ്ദേഹം വിശദീകരിച്ചു.

Latest