ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യം: മന്ത്രി

Posted on: January 3, 2017 6:19 am | Last updated: January 2, 2017 at 11:29 pm
SHARE

കോഴിക്കോട്/ തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. മുമ്പുള്ളതിനേക്കാള്‍ ഡീസല്‍ വില വര്‍ധിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സിയും സ്വകാര്യ ബസ് ഉടമകളും ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ഇപ്പോള്‍ സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്നും മന്ത്രി പറഞ്ഞു.

കെ എസ് ആര്‍ ടി സിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സമഗ്ര പദ്ധതി നടപ്പാക്കുമെന്നും ഓര്‍ഡിനറി ബസുകളുടെ ചാര്‍ജും കെ എസ് ആര്‍ ടി ബസുകളുടെ ചാര്‍ജും തുല്യമാക്കിയതോടെ വരുമാനത്തില്‍ 22 ലക്ഷത്തിന്റെ വര്‍ധനവുണ്ടായതായും മന്ത്രി പറഞ്ഞു. സ്ഥിരമായി നഷ്ടമുണ്ടാക്കുന്ന റൂട്ടുകളിലേക്കുള്ള ട്രിപ്പുകള്‍ നിര്‍ത്തിവെച്ച നടപടിയുമായി മുന്നോട്ടു പോകും. എന്നാല്‍, കെ എസ് ആര്‍ ടി സി യെ മാത്രം ആശ്രയിക്കുന്ന ഇത്തരത്തിലുള്ള റൂട്ടുകള്‍ നിലനിര്‍ത്തും. ജോലിക്ക് സ്ഥിരമായി ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, കെ എസ് ആര്‍ ടി നേരിടുന്ന നഷ്ടം കുറയ്ക്കാനായി ഡീസലിന് നല്‍കിവരുന്ന മൂല്യവര്‍ധിത നികുതിയില്‍ (വാറ്റ്) ഇളവ് വേണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ എം ഡി രാജമാണിക്യം സര്‍ക്കാറിന് കത്ത് നല്‍കി. ഒരു ലിറ്റര്‍ ഡീസലിന് എണ്ണക്കമ്പനികള്‍ക്ക് കെ എസ് ആര്‍ ടി സി വാറ്റ് ഇനത്തില്‍ നല്‍കിവരുന്ന 24 ശതമാനം നികുതി കുറയ്ക്കണമെന്നാണ് ആവശ്യം. ഇതുവഴി പ്രതിദിനം അരക്കോടി രൂപയുടെ നഷ്ടം കെ എസ് ആര്‍ ടി സിക്ക് ഒഴിവാക്കാനാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മൂല്യവര്‍ധിത നികുതിയിനത്തില്‍ കെ എസ് ഇ ബിക്കും ജല അതോറിറ്റിക്കും ഇളവ് നല്‍കുന്നുണ്ട്. ഇരു വകുപ്പുകളില്‍നിന്ന് നാല് ശതമാനമാണ് വാറ്റ് ഇനത്തില്‍ ഈടാക്കുന്നത്.
നിലവിലെ വാറ്റ് ഒടുക്കുക വഴി കെ എസ് ആര്‍ ടി സിക്ക് പ്രതിമാസം 18 കോടി രൂപ കൂടുതല്‍ നല്‍കേണ്ടി വരുന്നതായും രാജമാണിക്യം കത്തില്‍ ചൂണ്ടിക്കാട്ടി.