നോട്ടു പിന്‍വലിക്കല്‍ മതിയായ മുന്നൊരുക്കമില്ലാതെ: പ്രേമചന്ദ്രന്‍ എം പി

Posted on: December 30, 2016 4:35 pm | Last updated: December 30, 2016 at 4:35 pm

ദുബൈ: ഇന്ത്യയില്‍ നോട്ടു പിന്‍വലിക്കല്‍ മതിയായ മുന്നൊരുക്കങ്ങളില്ലാതെയായിരുന്നെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി അഭിപ്രായപ്പെട്ടു.

ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് പ്രധാനമന്ത്രി നോട്ടു പിന്‍വലിക്കല്‍ പ്രഖാപിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ നോട്ടു പിന്‍വലിക്കല്‍ തീരുമാനം കൈകൊണ്ട ഘട്ടങ്ങളിലെല്ലാം പാര്‍ലമെന്റിനെ വിശ്വാസത്തിലെടുത്തായിരുന്നു അന്നത്തെ സര്‍ക്കാരുകള്‍ തീരുമാനം നടപ്പില്‍ വരുത്തിയത്.

എന്നാല്‍ നരേ്ര്രന്ദമോദി, തന്റെ സഹയാത്രികരെപോലും വിശ്വാസത്തിലെടുക്കാതെ മന്ത്രിമാരുടെ മൊബൈല്‍ ഫോണുകള്‍ പുറത്തു വാങ്ങിവെച്ച യോഗത്തിലാണ് നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഇത് കൂട്ടുത്തരവാദിത്വമുള്ള മന്ത്രിമാരെ പോലും വിശ്വാസത്തിലെടുത്തില്ല എന്നതിന്റെ തെളിവാണെന്നും പ്രേമചന്ദ്രന്‍ വിശദീകരിച്ചു.
കേരളത്തില്‍ ഭരണത്തിലിരിക്കുന്ന കക്ഷികളുടെ തൊഴിലാളി സംഘടനകള്‍ പോലും ആവശ്യങ്ങള്‍ നേടിയെടുക്കണമെങ്കില്‍ സമര രംഗത്തേക്ക് ഇറങ്ങേണ്ടുന്ന ഗതികേടിലാണ്. സമര മുഖത്തുള്ള ഒരു തൊഴിലാളി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
പോലീസ് സേനയുടെ കടിഞ്ഞാണ്‍ മുഖ്യമന്ത്രിയില്‍ നിന്ന് നഷ്ടപ്പെട്ടതാണ് കേരളത്തിന്റെ വര്‍ത്തമാനകാല അരക്ഷിതാവസ്ഥക്ക് കാരണം. നീതിയുക്തമായ ഭരണം കാഴ്ചവെച്ചു ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ സര്‍ക്കാരിനാകണം. യു ഡി എഫിലെ പുതിയ വിഷയങ്ങള്‍ മാറ്റത്തിനുതകുന്നതാണെങ്കില്‍ അതിന്റെ ഗുണവശങ്ങളെ ഉള്‍കൊള്ളാന്‍ എലാവരും തയ്യാറാകണം. മറിച്ച് ന്യൂനതകള്‍ ചൂണ്ടിക്കാട്ടി അവയെ പെരുപ്പിച്ചു കാട്ടുന്നത് ഉത്തമ സമൂഹത്തിനു അനുഗുണമാവില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.