മന്ത്രി എകെ ബാലന് വനംമന്ത്രി കെ രാജുവിന്റെ മറുപടി

Posted on: December 30, 2016 12:57 pm | Last updated: December 31, 2016 at 9:05 am

പാലക്കാട്: നിലവിലെ വനം, റവന്യു മന്ത്രിമാര്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ മാതൃകയാക്കണമെന്ന മന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വനം മന്ത്രി കെ. രാജു. മന്ത്രി എ.കെ. ബാലന്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. പാലക്കാട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വനം മന്ത്രി.

ഇക്കാര്യം പറയേണ്ടതു മന്ത്രിസഭായോഗത്തിലാണ്. ഇതിനുള്ള മറുപടിയും മന്ത്രിസഭായോഗത്തില്‍ നല്‍കും. മന്ത്രി ബാലന്റെ വിലയിരുത്തലില്‍ മാറ്റം വരുത്തേണ്ടി വരും. കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയിലെ രണ്ടു സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം ഇപ്പോഴെങ്കിലും അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വനത്തില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശ സംരക്ഷണ നിയമപ്രകാരമുള്ള എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അവരെ ഇറക്കിവിടരുതെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.