2017ല്‍ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാനാകും: ചൈന

Posted on: December 30, 2016 11:25 am | Last updated: December 30, 2016 at 11:25 am

ബീജിംഗ്/ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യയുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാനാകുമെന്ന് ചൈനക്ക് പ്രതീക്ഷ. ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വം, ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസം നിലനിന്നതിനാല്‍ 2016 ഏറ്റുമുട്ടലുകളുടേതായിരുന്നു. ഇത്തരം വിവാദ വിഷയങ്ങള്‍ക്കപ്പുറത്തേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് പോകണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ഹുവാ ചുന്‍യിംഗ് പറഞ്ഞു.

ജി 20, ബ്രിക്‌സ് പോലുള്ള ഉച്ചകോടികളുടെ പാര്‍ശ്വങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഈ ചര്‍ച്ചകള്‍ സൗഹൃദത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
അടുത്ത അയല്‍ക്കാര്‍ എന്ന നിലയില്‍ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. എന്നാല്‍ അതെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കും. കാരണം ഇന്ത്യ- ചൈനാ ബന്ധത്തിന്റെ അടിസ്ഥാന ആശയം സൗഹൃദവും സഹകരണവുമാണെന്ന് ചുന്‍യിംഗ് പറഞ്ഞു.