Connect with us

Kannur

കൊള്ള തടയും; റേഷന്‍ കടകളിലെ കമ്പ്യൂട്ടര്‍വത്കരണം രണ്ട് മാസത്തിനകം

Published

|

Last Updated

കണ്ണൂര്‍: റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്കരിച്ച് ഇ പോസ് സംവിധാനം അടിയന്തിരമായി നടപ്പാക്കാന്‍ തീരുമാനം. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി മുന്‍ഗണനാ മുന്‍ഗണനേതര വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനോടനുബന്ധിച്ച് റേഷന്‍ സാധനങ്ങളുടെ വില്‍പ്പനയില്‍ വ്യപകമായ ക്രമക്കേടുകള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. അടുത്ത ആറ് മാസത്തിനകം സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും നടപ്പാക്കണമെന്നുദ്ദേശിച്ച കമ്പ്യൂട്ടര്‍വത്കരണ പദ്ധതിയാണ് രണ്ട് മാസത്തിനകം എല്ലാ ജില്ലകളിലും നടപ്പാക്കാന്‍ തീരുമാനമായത്. ഇതിന്റെ മാതൃകാ പദ്ധതി കൊല്ലം ജില്ലയില്‍ അടുത്ത മാസം നടപ്പില്‍ വരുത്തും. ഇന്നലെ ഇത് സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പദ്ധതി പ്രവര്‍ത്തനം ഉടന്‍ തുടങ്ങാന്‍ തീരുമാനമായത്.

കമ്പ്യൂട്ടര്‍വത്കരണത്തിന് അനുയോജ്യമായ ഇ പോസ് യന്ത്രങ്ങള്‍ സംസ്ഥാനത്തെ 14,355 റേഷന്‍ കടകളിലും വാങ്ങാനും തീരുമാനിച്ചു. യന്ത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സപ്ലൈകോയെ ചുമതലപ്പെടുത്തി. ടെന്‍ഡര്‍ നടപടികള്‍ അടുത്ത ദിവസം നടക്കും. റേഷന്‍ മറിച്ചു വില്‍പ്പനയടക്കം തടയാനുള്ള ശക്തമായ നടപടികള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ രൂപം നല്‍കുന്നുണ്ട്. എഫ് സി ഐ (ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ)യില്‍നിന്ന് മൊത്തവ്യാപാര കേന്ദ്രത്തിലേക്കും അവിടെനിന്ന് റേഷന്‍ കടകളിലേക്കും നല്‍കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ്, ഗുണമേന്മ എന്നിവ പരിശോധിച്ച് ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ അപലോഡ്് ചെയ്യും. സ്‌റ്റോക്ക് കൃത്യമായി എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കാനായി വാഹനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ജി പി എസ് സംവിധാനത്തിന് പുറമെ താലൂക്ക് അടിസ്ഥാനത്തില്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റിനും രൂപം നല്‍കും. ഇതോടൊപ്പം പ്രാദേശിക തലത്തിലെ റേഷന്‍ ക്രമക്കേട് തടയാന്‍ ജാഗ്രതാ സമിതികളും രൂപവത്കരിക്കും. 75 താലൂക്കുകളിലും ആറ് ഉന്നത ഉദ്യോഗസ്ഥരും സിവില്‍ സപ്ലൈസ് ജീവനക്കാരുമടങ്ങുന്ന സമിതിയായിരിക്കും ഇ പോസ് സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. താലൂക്ക് തലങ്ങളിലെ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള റൂട്ടുമാപ്പുകളടക്കം ഇവര്‍ തയ്യാറാക്കും.
കുടുംബത്തിലെ റേഷന്‍ കാര്‍ഡുടമക്കും അവര്‍ ചുമതലപ്പെടുത്തുന്ന മറ്റൊരംഗത്തിനും റേഷന്‍ കടയിലെത്തി ബയോമെട്രിക് യന്ത്രത്തില്‍ വിരലമര്‍ത്തിയാല്‍ ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുന്ന പദ്ധതി ഫെബ്രുവരി അവസാനവാരം മുതല്‍ നടപ്പാക്കാനാകുമെന്നാണ് ഇപ്പോള്‍ കണക്കുകൂട്ടുന്നത്. ഏത് റേഷന്‍ കടയില്‍പ്പോയാലും സാധനം വാങ്ങാവുന്ന തരത്തിലുള്ളതാണ് സംവിധാനം. എല്ലാ കാര്‍ഡുടമകളുടെയും ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ റേഷന്‍ വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് വിരലടയാളത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുക.
മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ വ്യാപാരികള്‍ കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നതായുളള്ള പരാതികള്‍ അടുത്ത ദിവസങ്ങളിലായി വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. സൗജന്യമായി നല്‍കേണ്ട അരി 18 മുതല്‍ 30 വരെ രൂപക്കാണ് ചിലയിടങ്ങളില്‍ വ്യാപാരികള്‍ മറിച്ചുവില്‍ക്കുന്നത്. മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നു തന്നെ അരി കരിഞ്ചന്തയിലേക്കെത്തുന്നതായും പരാതിയുണ്ട്. അന്ത്യോദയ അന്നയോജനയിലെ 35 കിലോയും മുന്‍ഗണനാ വിഭാഗത്തിന് ഒരാള്‍ക്ക് അഞ്ച് കിലോ നിരക്കില്‍ നല്‍കേണ്ട അരിയും പലയിടത്തും മറിച്ച് വില്‍ക്കുന്നതായാണ് ആക്ഷേപം. ഇവര്‍ക്ക് രണ്ട് കിലോ അരിമാത്രം നല്‍കിയശേഷം ബാക്കി അരി കരിഞ്ചന്തയില്‍ വില്‍ക്കും. പുതിയ നിയമം വന്നതിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താവിനോട് നിങ്ങള്‍ക്ക് ഇനി റേഷനില്ലെന്ന് പറഞ്ഞ് മടക്കിയയച്ച സംഭവങ്ങള്‍ വരെ ചിലയിടങ്ങളിലുണ്ടായതായി പരാതിയുണ്ട്.

മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് പലയിടത്തും ഒരു കിലോ അരി മാത്രമാണ് നല്‍കുന്നത്. ഒരുകിലോ അരിയും ഗോതമ്പും നല്‍കേണ്ടിടത്താണ് സാധനങ്ങളുടെ കുറവുണ്ടെന്ന് പറഞ്ഞ് ഇങ്ങനെ നല്‍കുന്നതത്രെ. റേഷന്‍ കടയില്‍ ഓരോ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങളുടെ അളവും അതിന്റെ വിലയും പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അത് പലയിടത്തും പാലിക്കപ്പെടാറില്ല. ഇതെല്ലാം കണക്കിലെടുത്താണ് റേഷന്‍ കരിഞ്ചന്ത തടയാനും അര്‍ഹരായവരുടെ കൈകളില്‍ ഭക്ഷ്യധാന്യം എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുമായി അടിയന്തിരമായി കമ്പ്യൂട്ടര്‍വത്കരണ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി