രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ പ്രോട്ടോകോള്‍ വീഴ്ച

Posted on: December 30, 2016 6:31 am | Last updated: December 29, 2016 at 11:32 pm

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി പങ്കെടുത്ത ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ പ്രോട്ടോക്കോള്‍ വീഴ്ച. സ്വാഗതപ്രസംഗത്തിനായി സര്‍വകലാശാല വൈസ്ചാന്‍സലറെ ക്ഷണിക്കേണ്ടതിനു പകരം സംഘാടകര്‍ വിളിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ. ഉദ്ഘാടനത്തിനായി 12.30ന് തന്നെ രാഷ്ട്രപതി ഓഡിറ്റോറിയത്തിലെത്തി. ദേശീയഗാനം മുഴങ്ങിയശേഷം ചരിത്ര കോണ്‍ഗ്രസ് സെക്രട്ടറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രസംഗിക്കാന്‍ ക്ഷണിക്കുകയായിരുന്നു. അദ്ദേഹം പ്രസംഗമാരംഭിച്ചയുടന്‍ സെക്രട്ടറി അടുത്തെത്തി അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. ചെന്നിത്തല ചെറിയൊരു ചമ്മലോടെ തിരികെ കസേരയിലേക്കു മടങ്ങി.

പിന്നീട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി കെ രാധാകൃഷ്ണനെത്തി എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞ് ചടങ്ങുകള്‍ വീണ്ടും തുടങ്ങുകയായിരുന്നു. രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയില്‍ രണ്ട് തവണ പ്രസംഗിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുകയാണെന്നു തുടര്‍ന്നു പ്രസംഗത്തിനെത്തിയ ചെന്നിത്തല ചിരിയോടെ പറഞ്ഞു.