നാട്ടില്‍ നടക്കുന്ന തിന്മകള്‍ക്കെതിരെ പ്രതികരിക്കാത്ത എഴുത്തുകാരനാണ് എംടിയെന്ന് കെ സുരേന്ദ്രന്‍

Posted on: December 29, 2016 9:46 pm | Last updated: December 29, 2016 at 9:46 pm

കോഴിക്കോട്: നോട്ട് നിരോധനത്തെ വിമര്‍ശിച്ച എംടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നാട്ടില്‍ നടക്കുന്ന തിന്മകള്‍ക്കെതിരെ പ്രതികരിക്കാത്ത എഴുത്തുകാരനാണ് എംടിയെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

എം. ടി. വാസുദേവന്‍ നായര്‍ മോദിയെ വിമര്‍ശിക്കുന്നത് ജനാധിപത്യം. എന്നാല്‍ എം. ടി യെ ബി. ജെ. പി വിമര്‍ശിച്ചാല്‍ അതു ഫാസിസം. ഇതെന്തു ന്യായമാണ്?ജനാധിപത്യത്തില്‍ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുന്നതിന് അവകാശമില്ലേ? പിന്നെ സാഹിത്യകാരന്‍മാര്‍ വിമര്‍ശനാതീതരാണോ? സാഹിത്യകാരന്‍മാര്‍ രാഷ്ട്രീയ വിമര്‍ശനം നടത്തിയാല്‍ തിരിച്ചും മറുപടിയുണ്ടാവും. വടക്കേ ഇന്ത്യയിലേക്ക് ബൈനോക്കുലറും വെച്ച് നോക്കിയിരിക്കുന്ന പല സാഹിത്യകാരന്‍മാരും കേരളത്തില്‍ നടക്കുന്ന കൊടിയ തിന്മകളെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നുണ്ടോ? കനയ്യകുമാറിന്രേയും വെമുലയുടേയും പേരില്‍ പുരസ്‌കാരം തിരിച്ചുകൊടുക്കാന്‍ ഓടിയവര്‍ ഇവിടെ ദളിതു വിദ്യാര്‍ത്ഥികള്‍ ബലാല്‍സംഗത്തിനിരയായപ്പോഴും അക്രമിക്കപ്പെട്ടപ്പോഴും എന്തുകൊണ്ട് മിണ്ടിയില്ല. എം. ടി യുടെ നാട്ടിലല്ലേ കഴിഞ്ഞ ദിവസം ഒരു ദളിത് പെണ്‍കുട്ടി രാത്രിയില്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിച്ചു എന്ന കുററത്തിന് പോലീസ് പീഡനത്തിനിരയായി ആത്മഹത്യ ചെയ്തത്? മാറാട് എട്ടു പാവങ്ങള്‍ കൊല്ലപ്പെട്ടപ്പോഴും ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോഴും മൗനം പാലിച്ചു എന്നു പറഞ്ഞാല്‍ എന്താണ് തെററ്? അടിയന്തിരാവസ്ഥയില്‍ കണ്ടതാണ് കേരളത്തിലെ പല സാംസ്‌കാരിക നായകന്‍മാരുടേയും ഇരട്ടമുഖം. തോമസ് ഐസക്കിന്രെ വിധ്വംസകനിലപാടിന് സ്തുതിപാടുന്നവരെ തിരിച്ചും വിമര്‍ശിക്കാനുള്ള മിനിമം സ്വാതന്ത്ര്യം ഞങ്ങള്‍ക്കും അനുവദിച്ചുതരണം.