ചെമ്പട കസറി

Posted on: December 29, 2016 6:12 am | Last updated: December 29, 2016 at 12:14 am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്‌റ്റോക്ക് സിറ്റിയെ തകര്‍ത്ത് ലിവര്‍പൂളിന്റെ കുതിപ്പ്. 4-1ന് ജയിച്ച ലിവര്‍പൂള്‍ ലീഗ് ടേബിളില്‍ ചെല്‍സിക്ക് പിറകിലായി രണ്ടാം സ്ഥാനത്തേക്ക് കയറി. പതിനെട്ട് മത്സരങ്ങളില്‍ നാല്‍പത് പോയിന്റെടുത്ത ലിവര്‍പൂള്‍ 39 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. 46 പോയിന്റാണ് ചെല്‍സിക്ക്.

ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ലിവര്‍പൂള്‍ നാല് ഗോളുകള്‍ തിരിച്ചടിച്ച് ഗംഭീര ജയം സ്വന്തമാക്കിയത്. പന്ത്രണ്ടാം മിനുട്ടില്‍ വാള്‍ട്ടേഴ്‌സാണ് ലിവര്‍പൂളിനെ ഞെട്ടിച്ചത്. ഹോംഗ്രൗണ്ടില്‍ തകര്‍ത്താടിയ ചെമ്പട മുപ്പത്തിനാലാം മിനുട്ടില്‍ ആദം ലല്ലാനയിലൂടെ തിരിച്ചടിച്ചു. പത്ത് മിനുട്ടിനുള്ളില്‍ ബ്രസീലിയന്‍ ഫിര്‍മിനോയുടെ ഗോള്‍. ആദ്യപകുതിയില്‍ 2-1ന് മുന്നില്‍ കയറിയ ആതിഥേയര്‍ അമ്പത്തൊമ്പതാം മിനുട്ടില്‍ ലീഡുയര്‍ത്തി. ഇത് പക്ഷേ, സെല്‍ഫ് ഗോളായിരുന്നു. എഴുപതാം മിനുട്ടില്‍ സ്റ്ററിഡ്ജിന്റെ ഗോളില്‍ ലിവര്‍പൂള്‍ പട്ടിക തികച്ചു.