Connect with us

National

കല്‍മാഡിക്കെതിരെ കായിക മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: അഴിമതി ആരോപണ വിധേയനായ സുരേഷ് കല്‍മാഡിയെ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റാക്കിയതിനെതിരെ കേന്ദ്ര കായിക മന്ത്രാലയം. കല്‍മാഡിയെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്നും അല്ലാത്ത പക്ഷം അസോസിയേഷനുമായി സഹകരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നതോടെ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് കല്‍മാഡി വ്യക്തമാക്കി. ഇക്കാര്യം അദ്ദേഹം ഒളിമ്പിക് അസോസിയേഷനെ അറിയിക്കുകയും ചെയ്തു.

അസോസിയേഷന്‍ എടുത്ത തീരുമാനം കല്‍മാഡി അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം ശരിയല്ലെന്ന് തെളിയിക്കുന്നതുവരെ ഒരു സ്ഥാനം ഏറ്റെടുക്കുന്നതിനും അദ്ദേഹം തയ്യാറല്ലെന്നും കല്‍മാഡിയുടെ അഭിഭാഷകന്‍ ഹിതേഷന്‍ ജെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണ വിധേയനായ ആളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിയല്‍ ഗോയാല്‍ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അസോസിയേഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കല്‍മാഡിയെ പോലുള്ളവരെ ഇത്തരം സ്ഥാനങ്ങളിലേക്ക് വീണ്ടും നിയോഗിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഒ എ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് കല്‍മാഡിയെ ആജീവനാന്ത പ്രസിഡന്റായി തിരഞ്ഞെടുത്തത്.

Latest