ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്

Posted on: December 29, 2016 5:17 am | Last updated: December 28, 2016 at 11:18 pm
SHARE

വാഷിംഗ്ടണ്‍: വികസിത രാജ്യങ്ങളില്‍ ഏറ്റവും കുടൂതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. സഊദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്. 2008 മുതല്‍ 2015വരെയുള്ള കാലയളവില്‍ ഇന്ത്യ 34 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ഉപകരണങ്ങളാണ് വാങ്ങിയത്. ഒന്നാം സ്ഥാനത്തുള്ള സഊദി 93.5 ബില്യണ്‍ ഡോളറിന്റെ ഉപകരണങ്ങളും വാങ്ങി.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമായ സി ആര്‍ എസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സൈന്യത്തെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാലയളവില്‍ ഇന്ത്യ ഇത്രയും ആയുധങ്ങളും ഉപകരണങ്ങളും വാങ്ങിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യ വ്യത്യസ്തങ്ങളായ ആയുധങ്ങളാണ് വാങ്ങിയിരിക്കുന്നതെന്നും ഇതിന്റെ ഗുണഭോക്താവ് അമേരിക്കയാണെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്നു പറയുന്നു.
പൊതുവെ റഷ്യയുടെ ആയുധ ഉപഭോക്താവായ ഇന്ത്യ സമീപകാലത്ത് വിഭിന്നങ്ങായ ആയുധ ശേഖരങ്ങള്‍ക്കാണ് ശ്രമിച്ചത്. 2004ല്‍ ഇസ്‌റാഈലില്‍നിന്നും 2005ല്‍ ഫ്രാന്‍സില്‍നിന്നും വ്യത്യസ്ത ആയുധങ്ങള്‍ വാങ്ങിയ ഇന്ത്യ 2008ല്‍ അമേരിക്കയില്‍നിന്നും ആറ് സി130 ജെ കാര്‍ഗൊ എയര്‍ക്രാഫ്റ്റുകളും വാങ്ങിയെന്നും സി ആര്‍ എസ് പറയുന്നു. 2010ല്‍ ബ്രിട്ടന്‍ ഒരു ബില്യണ്‍ ഡോളറിന്റെ ഹോക്ക് ജെറ്റുകളും ഇതേ വര്‍ഷം ഇറ്റലി ഹെലികോപ്റ്ററുകളും ഇന്ത്യക്ക് വില്‍പ്പന നടത്തിയിട്ടുണ്ട്. 2011ല്‍ ഫ്രാന്‍സ് 2,4 ബില്യണ്‍ ഡോളറിന്റെ ആയുധവും ഇതേ വര്‍ഷം അമേരിക്ക 4.1 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളും വില്‍പ്പന നടത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here