500 അശ്ലീല സൈറ്റുകള്‍ക്ക് നിരോധം

Posted on: December 28, 2016 11:40 pm | Last updated: December 28, 2016 at 11:16 pm

ധാക്ക: ബംഗ്ലാദേശില്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നു. ആദ്യ ഘട്ടത്തില്‍ നൂറുകണക്കിന് സൈറ്റുകള്‍ നിരോധിക്കാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി 500 അശ്ലീല സൈറ്റുകളുടെ ലിസ്റ്റ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ദാതാക്കള്‍ക്ക് കൈമാറി. ഇവയില്‍ അധികവും പ്രാദേശിക സൈറ്റുകളാണ്. ഇന്റര്‍നെറ്റ് ദാതാക്കളും നിയന്ത്രകരും നിര്‍ദേശ പ്രകാരം പദ്ധതി നിര്‍വഹണം ആരംഭിച്ചു കഴിഞ്ഞു.

അശ്ലീല ചിത്രങ്ങളും വീഡിയോകളും അടങ്ങിയ 500 സൈറ്റുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചതായും ആദ്യഘട്ടത്തില്‍ പ്രാദേശിക സൈറ്റുകളാണ് ലക്ഷ്യം വെക്കുന്നതെന്നും ബംഗ്ലാദേശ് ടെലി കമ്യൂണിക്കേഷന്‍ മന്ത്രി പറഞ്ഞു. 70-80 ശതമാനത്തോളം സൈറ്റുകള്‍ വിദേശ നിയന്ത്രണത്തിലുള്ളതാണെന്നും ഘട്ടംഘട്ടമായി പരിപൂര്‍ണ നിരോധം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.