സംഘ്പരിവാര്‍ അനുഭാവികളായ പോലീസുകാരുടെ വിവരങ്ങള്‍ ആഭ്യന്തര വകുപ്പ് ശേഖരിക്കുന്നു

Posted on: December 28, 2016 11:04 pm | Last updated: December 29, 2016 at 11:11 am

തിരുവനന്തപുരം: സംഘ്പരിവാര്‍ അനുഭാവികളായ പോലീസുകാരുടെ വിവരങ്ങള്‍ ആഭ്യന്തര വകുപ്പ് ശേഖരിക്കുന്നു. ഇടതു സംഘടനയായ പോലീസ് അസോസിയേഷനാണ് ആഭ്യന്തര വകുപ്പിനായി വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത് സംബന്ധിച്ച് എല്ലാ യൂനിറ്റുകളിലേക്കും രഹസ്യ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ആരോപണ വിധേയരുടെയും ആര്‍ എസ് എസ്, ബി ജെ പി അനുഭാവികളായ പോലീസുകാരുടെയും വിവരം ഒരാഴ്ചക്കുള്ളില്‍ നല്‍കണമെന്നാണ് രഹസ്യ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയോ അറിയാതെയാണ് സര്‍ക്കാറിനെതിരെ പോലീസ് ഉന്നതര്‍ പല നീക്കങ്ങളും നടത്തുന്നതെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍.
അടിക്കടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വിരുദ്ധ നിലപാട് സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗവും വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതാത് പാര്‍ട്ടി ഏരിയാ കമ്മിറ്റികള്‍ക്ക് കീഴിലുള്ള പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ വിവരം പാര്‍ട്ടിതലത്തിലും ശേഖരിക്കുന്നുണ്ട്. ഇപ്പോള്‍ പല സ്റ്റേഷനുകളിലെയും ക്രമസമാധാന ചുമതലയിലുള്ള സി ഐമാരും എസ് ഐമാരും കടുത്ത സംഘ്പരിവാര്‍ അനുകൂലികളാണെന്ന സംശയം പാര്‍ട്ടി നേതൃത്വത്തിനുണ്ട്.
ഈ സാഹചര്യത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പോലീസുകാരെ ക്രമസമാധാന ചുമതലകളില്‍ നിന്ന് മറ്റ് വകുപ്പുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ചില ഐ പി എസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പോലീസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍ എസ് എസ് അനുഭാവികളായ പോലിസുകാര്‍ അസോസിയേഷന്‍ രൂപവത്കരിച്ച് മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. ഇത്തരം നീക്കങ്ങള്‍ മുളയിലെ നുള്ളുകയെന്ന ലക്ഷ്യവും ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുണ്ട്.
ബി ജെ പിയും ആര്‍ എസ് എസും പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളില്‍ പരാതി ഉണ്ടായിട്ട് പോലും കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലായെന്ന ആക്ഷേപം സര്‍ക്കാറിന്റെ മുന്നിലുണ്ട്. അതേ സമയം, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുമെതിരെ ബി ജെ പി നല്‍കുന്ന പരാതികളില്‍ നടപടി ഉണ്ടാകാതെ പോകുന്നുമില്ല. പലപ്പോഴും പരാതി ഇല്ലാതെ തന്നെ പോലീസ് സ്വമേധയാ കേസെടുക്കുക പോലും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതേ തുടര്‍ന്നാണ് ഇവരെ കണ്ടെത്തി ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്.