സമുദ്ര-കനാല്‍ മാലിന്യ സംഭരണം; ദുബൈയില്‍ നൂതന പദ്ധതി

Posted on: December 28, 2016 7:50 pm | Last updated: December 29, 2016 at 7:43 pm
മാലിന്യം സംഭരിക്കുന്നതിനായി എത്തിയ ദുബൈ നഗരസഭയുടെ പുതിയ ജലയാനം

ദുബൈ: ദുബൈ നഗരസഭയുടെ നൂതന പദ്ധതികളായ ദുബൈ വാട്ടര്‍ കനാല്‍, പുതിയ മത്സ്യ മാര്‍ക്കറ്റ്, ദുബൈ വാര്‍ഫ് എന്നിവ പ്രവര്‍ത്തനപഥത്തില്‍ എത്തുന്നതോടെ ഗതാഗതം ശക്തിയാര്‍ജിച്ചുണ്ടാകുന്ന മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനും മേഖലകളെ കൂടുതല്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും നഗരസഭക്ക് നൂതന പദ്ധതിയെന്ന് നഗരസഭാ വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗം ഡയറക്ടര്‍ എന്‍ജി. അബ്ദുല്‍ മജീദ് സൈഫായി അറിയിച്ചു.

നഗരസഭയുടെ വേസ്റ്റ് മാനേജമെന്റ് വിഭാഗമാണ് ആധുനിക സജ്ജീകരണങ്ങളുള്ള പുതിയൊരു ബോട്ട് മാലിന്യങ്ങള്‍ നീക്കുന്നതിനും പദ്ധതി പ്രദേശങ്ങളുടെ ഭംഗി കാത്തു സൂക്ഷിക്കുന്നതിനും നീറ്റിലിറക്കിയത്. ബോട്ടിന്റെ സേവനം അടുത്ത വര്‍ഷം ആദ്യത്തോടെ ലഭ്യമാക്കും. ദുബൈ നഗരസഭയുടെ മറൈന്‍ എക്യുപ്‌മെന്റ് ഫഌറ്റിലെ 13-ാമത്തെ ജലയാനമായ ഈ ബോട്ടിന് ക്രീക്കിന്റെയും കനാലിന്റെയും അന്തര്‍ഭാഗത്തേയും ജലോപരിതലത്തിലേയും മാലിന്യങ്ങള്‍ നീക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇതിനായി അത്യാധുനിക ഹൈഡ്രോളിക് സംവിധാനം ബോട്ടില്‍ ഒരുക്കിയിട്ടുണ്ട്, അദ്ദേഹം വ്യക്തമാക്കി.
മനുഷ്യ പ്രയത്‌നം കുറച്ചു നൂതന വിദ്യകളുടെ സഹായത്തോടെ മാലിന്യ നിര്‍മാര്‍ജന രംഗം കൂടുതല്‍ കരുത്താര്‍ജിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് പദ്ധതിയുടെ രൂപകല്‍പന. കൂടുതല്‍ ആധുനികമായ സംവിധാനങ്ങള്‍ മാലിന്യ നിര്‍മാര്‍ജന രംഗത്ത് ഉള്‍പെടുത്തേണ്ടതുണ്ട്. ഇതിലൂടെ ക്രിയാത്മകമായി മാലിന്യ നിര്‍മാര്‍ജന മേഖലയുടെ പ്രവര്‍ത്തന ശേഷി കൂട്ടുന്നതിനും ലക്ഷ്യമിടുന്നുണ്ട്. അദ്ദേഹം വിശദീകരിച്ചു.

44 അടി നീളമുള്ള അത്യാധുനിക ബോട്ടില്‍ മൂന്ന് ടണ്‍ മാലിന്യങ്ങള്‍ സംഭരിക്കാനുള്ള ശേഷിയുണ്ട്. ഇടുങ്ങിയ പ്രതലത്തിലും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ബോട്ട്, ഭാവിയിലെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പാകത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ദേര വാര്‍ഫ് പദ്ധതി നിലവില്‍ വന്നതോടെ ദുബൈ ക്രീക്കിന്റെ വ്യാപ്തി വര്‍ധിച്ചിട്ടുണ്ട്.
14 കിലോമീറ്ററില്‍ നീളത്തില്‍ ദുബൈ ക്രീക്കിനെ ജദാഫില്‍ നിന്ന് റാസ് അല്‍ ഖോര്‍ വരെ നീട്ടിയതും ദുബൈ കനാലിന്റെ ആഗമനവും മാലിന്യ നിര്‍മാര്‍ജന രംഗത്ത് കൂടുതല്‍ മികവുറ്റ സംവിധാനങ്ങള്‍ ഒരുക്കി നഗരസഭയുടെ സമുദ്ര ജല മാലിന്യ സംഭരണങ്ങളുടെ ശേഷി വര്‍ധിപ്പിച്ചു സുസ്ഥിരമായ ഭാവിക്ക് മുതല്‍കൂട്ടാകാന്‍ പാകപ്പെടേണ്ടത് ആവശ്യമായി വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നൂതനമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ തങ്ങള്‍ തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി.