നിരവധി കേസുകളിലെ പിടികിട്ടാപുള്ളി കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍

Posted on: December 28, 2016 7:52 am | Last updated: December 27, 2016 at 11:53 pm

വളാഞ്ചേരി: ബീവറേജ് കുത്തിത്തുറന്ന് വിദേശമദ്യം മോഷ്ടിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പിടികിട്ടാപുള്ളിയായ യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. തൃശൂര്‍ അബ്ദുര്‍റഹീം ആണ് പിടിയിലായത്. എടപ്പാള്‍ കണ്ടനകത്തെ ബീവറേജ് കുത്തിത്തുറന്ന് അമ്പതിനായിരം രൂപയോളം വിലമതിക്കുന്ന വിദേശമദ്യവും പണവും മോഷ്ടിച്ച കേസിലെ പിടികിട്ടാപുള്ളിയാണ് പിടിയിലായ അബ്ദുല്‍ റഹീം.

വീടുകള്‍ കുത്തിത്തുറന്ന് പണം അപഹരിച്ച കേസിലും പ്രതിയെ പിടികൂടാന് പോലീസിന് കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുണ്ട്. മാലമോഷണം നടത്തുന്നതിലും വിദഗ്ധനാണ് പ്രതിയെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷന് പരിസരത്തുനിന്ന് സംശയാസ്പദമായി കണ്ട പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണകുറ്റങ്ങള്‍ ഓരോന്നായി പുറത്തുവന്നത്.
ലക്ഷങ്ങളുടെ വിലയുള്ള കന്നുകാലികളെ മോഷ്ടിച്ച കേസും പ്രതിക്കെതിരേ നിലനില്‍ക്കുന്നുണ്ട്. അബ്ദുര്‍റഹീമിനെ കേന്ദ്രീകരിച്ച് കൂട്ടു പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം പോലീസ് ശക്തമാക്കും. അന്വേഷണ സംഘത്തില്‍ എസ് ഐ. നിപുണ്‍ ശങ്കര്‍, അഡീഷനല്‍ എസ് ഐ. ചന്ദ്രന്‍, മലപ്പുറം എസ് പി സ്‌പെഷല്‍ ടീം അംഗങ്ങളായ കെ ജയപ്രകാശ്, എം എം അബ്ദുല്‍ അസീസ്ഹരികുമാര്‍, അജിത്ത്, കലാം എന്നിവരാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.