പോലീസ് അസഭ്യം; മുഖ്യമന്ത്രിയെ തടഞ്ഞുനിര്‍ത്തി മേയറുടെ പരാതി

Posted on: December 28, 2016 12:05 am | Last updated: December 27, 2016 at 11:31 pm

റാഞ്ചി: ട്രാഫിക് പോലീസ് തനിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതില്‍ പരാതിയറിയിക്കാന്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മേയര്‍ തടഞ്ഞു. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ അകമ്പടി വാഹന വ്യൂഹം റാഞ്ചി മേയര്‍ ആശ ലക്‌രയാണ് തടഞ്ഞത്. പ്രാദേശിക പരിപാടിയില്‍ സംബന്ധിക്കുന്നതിന് പോകുകയായിരുന്ന മേയര്‍ ആശയുടെ വാഹനം രതുവിന് സമീപം ട്രാഫിക് പോലീസ് തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

തനിക്കെതിരെ പോലീസ് മോശം ഭാഷ ഉപയോഗിച്ചുവെന്ന് കുറ്റപ്പെടുത്തിയ ആശ, ഇക്കാര്യം പരാതിപ്പെടുന്നതിന് അതുവഴി വന്ന മുഖ്യമന്ത്രിയുടെ വാഹനം നിര്‍ത്തിക്കുകയായിരുന്നു. പരാതി കേട്ട മുഖ്യമന്ത്രി, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

മോശം ഭാഷ ഉപയോഗിക്കുന്നതില്‍ ഝാര്‍ഖണ്ഡ് പോലീസ് ഏറെ വിമര്‍ശം നേരിടുന്നുണ്ട്. തന്റെ വീട്ടില്‍ ജോലി ചെയ്യുന്നയാള്‍ക്കെതിരെ സംസ്ഥാന പോലീസ് അസഭ്യ പ്രയോഗം നടത്തിയ സംഭവത്തില്‍ ഏതാനും മാസം മുമ്പ് നഗരവികസന മന്ത്രി സി പി സിംഗ് ഇടപെട്ടിരുന്നു. ട്രാഫിക് പോലീസ് നടത്തുന്ന അസഹ്യമായ ഭാഷാ പ്രയോഗത്തില്‍ നാട്ടുകാര്‍ക്കും പരാതിയുണ്ട്.