റെയ്ഡ് ഭരണഘടനാവിരുദ്ധം: രാമ മോഹന റാവു

Posted on: December 28, 2016 7:28 am | Last updated: December 27, 2016 at 11:29 pm

ചെന്നൈ: തന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് ഭരണഘടനാവിരുദ്ധമാണെന്നും താന്‍ തന്നെയാണ് ഇപ്പോഴും തമിഴ്‌നാട് ചീഫ് സെക്രട്ടറിയെന്നും പി രാമ മോഹന റാവു. വിവാദ ഖനി വ്യവസായി ശേഖര്‍ റെഡ്ഡിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പുറത്താക്കപ്പെട്ട ചീഫ് സെക്രട്ടറി പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവും ഉന്നയിച്ചു.

തന്റെ വീട്ടില്‍ നടന്ന റെയ്ഡ് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. പരിശോധനാ വാറന്‍ഡില്‍ തന്റെ പേര് ഉണ്ടായിരുന്നില്ല. മകന്റെ പേരിലുള്ള പരിശോധനാ വാറന്‍ഡ് ഉപയോഗിച്ച് എങ്ങനെയാണ് തന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയെന്നും റാവു ചോദിച്ചു. മകന്‍ തന്റെ വീട്ടിലല്ല താമസിക്കുന്നത്. എന്നിട്ടും എന്തിനാണ് തന്റെ ഓഫീസിലും വീട്ടിലും പരിശോധന നടത്തിയത് എന്ന് വ്യക്തമാക്കണം. തോക്ക് ചൂണ്ടിയാണ് സി ആര്‍ പി എഫുകാരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തന്റെ വീട്ടിലും ഓഫീസിലും പരിശോധനക്കെത്തിയത്. പൂര്‍ണ ഗര്‍ഭിണിയായ മരുമകളെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് പിടിച്ചെടുത്ത സ്വര്‍ണം മരുമകളുടെതും ഭാര്യയുടെതുമാണ്. 1,12,230 രൂപ മാത്രമാണ് 2വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ഇതല്ലാതെ ഒരു രഹസ്യ രേഖയും വീട്ടില്‍ നിന്ന് കണ്ടെടുത്തില്ല. തന്റെ ജീവന്‍ അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയലളിത ഉണ്ടായിരുന്നെങ്കില്‍ തന്റെ വീട്ടില്‍ കയറാന്‍ സി ആര്‍ പി എഫുകാര്‍ ധൈര്യം കാണിക്കില്ലായിരുന്നു. പുരട്ചി തലൈവി അമ്മ (ജയലളിത) നിയമിച്ച ചീഫ് സെക്രട്ടറിയാണ് താന്‍. ഇപ്പോഴും താന്‍ തന്നെയാണ് സംസ്ഥാന ചീഫ് സെക്രട്ടറി. പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനം താന്‍ അംഗീകരിക്കുന്നില്ല. തന്നെ പിന്തുണച്ച മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി അടക്കമുള്ള എല്ലാവര്‍ക്കും നന്ദിയും അദ്ദേഹം അറിയിച്ചു.
ഈ മാസം 21നാണ് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിന്റെ വീട്ടിലും ഓഫീസിലും ചെന്നൈയിലും ആന്ധ്രാ പ്രദേശിലുമുള്ള ബന്ധുക്കളുടെ വീടുകളിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
അനധികൃത സ്വത്തും കള്ളപ്പണവും കണ്ടെത്തിയതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാമമോഹന റാവുവിനെ പുറത്താക്കുകയും ഗിരിജ വൈദ്യനാഥനെ പകരം നിയമിക്കുകയും ചെയ്തിരുന്നു.