അഭയാര്‍ഥി ജീവിതം തീരുന്നു; അക ഉസ്താദിനെ വനത്തില്‍ വിടും

Posted on: December 28, 2016 6:26 am | Last updated: December 27, 2016 at 11:28 pm
സജ്ജന്‍ഗഢിലെ പാര്‍ക്കില്‍ കഴിയുന്ന അക ഉസ്താദ്‌

ജയ്പൂര്‍: ഒന്നര വര്‍ഷത്തെ ‘നിയമവിരുദ്ധ’ താമസത്തിന് ശേഷം ഉദയ്പൂരിര്‍ ബയോളജിക്കല്‍ പാര്‍ക്കിലെ അഭയാര്‍ഥി ജീവിതത്തില്‍ നിന്ന് അക ഉസ്താദിന് മോചനം. ഇവിടുത്തെ തുടര്‍വാസത്തിന് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ (സി സെഡ് എ) അനുമതി ഇനിയും ലഭ്യമാകാത്ത സാഹചര്യത്തില്‍ അക ഉസ്താദിനെ വനത്തില്‍ വിടും.

നാല് മനുഷ്യരെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ ഒന്നര വര്‍ഷം മുമ്പ് വനം വകുപ്പ് പിടികൂടിയ കടുവയാണ് ടി 24 എന്ന് നമ്പര്‍ നല്‍കിയിരിക്കുന്ന അക ഉസ്താദ്. രാജസ്ഥാനിലെ സജ്ജന്‍ഗഢിലെ പാര്‍ക്കിലാണ് ഈ കടുവയെ പാര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍, അക ഉസ്താദ് മനുഷ്യരെ കൊലപ്പെടുത്തി തിന്നതിന് തെളിവുകളില്ലെന്ന് സി സെഡ് എ മെമ്പര്‍ സെക്രട്ടറി ഡോ. ഡി എന്‍ സിംഗ് രാജസ്ഥാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ കത്ത് മുഖേന കഴിഞ്ഞ ദിവസം അറിയിച്ചു. അക ഉസ്താദിനെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത് വന്യജീവി നിയമത്തിന് വിരുദ്ധമായാണ്. അതുകൊണ്ടുതന്നെ കടുവയെ വനത്തിലേക്ക് തുറന്നുവിടണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, അക ഉസ്താദിനെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെ കുറിച്ചോ പാര്‍ക്കില്‍ തന്നെ താമസിപ്പിക്കുന്നതിനെ കുറിച്ചോ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് രാജസ്ഥാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി വി റെഡ്ഡി പറഞ്ഞു. കടുവയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമേ അതിനെ വനത്തിലേക്ക് തുറന്നുവിടുകയുള്ളൂ. നാല് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും ജി വി റെഡ്ഡി വ്യക്തമാക്കി.