മൊസൂളിലെ അവസാന പാലവും തകര്‍ന്നു

Posted on: December 28, 2016 6:11 am | Last updated: December 27, 2016 at 11:12 pm
ഇറാഖിലെ അവസാന ഇസില്‍ പ്രദേശമായ മൊസൂളില്‍ വ്യോമാക്രമണത്തില്‍
തകര്‍ന്ന പാലം

മൊസൂള്‍: ഇസില്‍വിരുദ്ധ സൈനിക പോരാട്ടം നടക്കുന്ന ഇറാഖിലെ മൊസൂളില്‍ ടൈഗ്രിസ് നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു. മൊസൂളിനെ കൂടുതല്‍ ഒറ്റപ്പെടുത്തികൊണ്ടാണ് പ്രവിശ്യയിലെ അവസാന പാലവും വ്യോമാക്രമണത്തില്‍ തകര്‍ന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമ സേന നടത്തിയ ആക്രമണത്തിലാണ് ഭീമന്‍ പാലം തകര്‍ന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ടൈഗ്രിസ് നദിയുടെ കിഴക്കന്‍ മേഖലയിലെ 40 മീറ്റര്‍ നീളമുള്ള പാലമാണ് തകര്‍ന്നത്.

പാലം തകര്‍ന്നത് മൊസൂളില്‍ ശേഷിക്കുന്ന സാധാരണക്കാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള അവസാന മാര്‍ഗമാണ് ഈ പാലം. ഇറാഖിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന സഖ്യ സേന ആക്രമണത്തിനിടെ ഇതുവരെ മൊസൂളിലെ അഞ്ച് പാലങ്ങള്‍ തകര്‍ന്നിട്ടുണ്ട്. മൊസൂളിലെ ഒട്ടുമിക്ക ഇസില്‍ കേന്ദ്രങ്ങളും സഖ്യ സേന തിരിച്ചുപിടിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലും മറ്റും ഒളിവില്‍ കഴിയുന്ന ഇസില്‍ തീവ്രവാദികളെ പിടികൂടാനും ആക്രമിക്കാനുമുള്ള ഒരുക്കത്തിലാണ് സൈന്യം. പാലങ്ങളും ഗതഗാത സൗകര്യങ്ങളും തകര്‍ത്തി ഇസിലിനെ തുടച്ച് നീക്കാനുള്ള ആസൂത്രണമാണ് സൈന്യം പദ്ധതിയിടുന്നത്. അമേരിക്കക്കും ഇറാഖ് സൈന്യത്തിനും പുറമെ കുര്‍ദ്, ശിയ, സുന്നി, ഗോത്ര സായുധ സംഘങ്ങളും ഇസില്‍മുക്ത ഇറാഖിനായുള്ള പോരാട്ടത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.