അസാധു നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി ഇന്ത്യയില്‍ എത്തിക്കുന്നതായി മുന്നറിയിപ്പ്‌

Posted on: December 28, 2016 6:30 am | Last updated: December 27, 2016 at 11:05 pm

നെടുമ്പാശേരി: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ സഹായിക്കുന്നതിന് വിദേശ രാജ്യങ്ങളിലെ ട്രാവല്‍ ഏജന്‍സികള്‍ വഴി വിതരണം ചെയ്തിരുന്ന നിരോധിച്ച 1000, 500 നോട്ടുകള്‍ ഇന്ത്യയില്‍ എത്തിച്ച് മാറ്റിയെടുക്കുന്ന സംഘം സജീവം. രാജ്യത്ത് നിരോധിച്ച നോട്ടുകള്‍ ബേങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ വിദേശത്ത് നിന്ന് വ്യാപകമായി അസാധു നോട്ടുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതായാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ വഴിയും മറ്റും നോട്ട് എത്തിക്കുന്നതായാണ് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും വിവിധ സുരക്ഷാ വിഭാഗങ്ങള്‍ നിരീക്ഷണം ശക്തമാക്കി. കൂടാതെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. അസാധുവാക്കിയ രണ്ട് ലക്ഷം രൂപയുടെ നോട്ടുകള്‍ ദുബൈയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു. നിയമപരമായി വിദേശ യാത്രക്കാര്‍ക്ക് 25000 രൂപയുടെ നോട്ടുകള്‍ കൈവശംവെക്കാന്‍ അനുമതിയുണ്ട്. ഇതിന്റെ മറവിലാണ് രാജ്യത്ത് നിരോധിച്ച 1000, 500 നോട്ടുകള്‍ എത്തിച്ച് മാറ്റിയെടുക്കുന്നത്.

അസാധു നോട്ടുകള്‍ വിദേശത്തെ മണിഎക്‌സ്‌ചേഞ്ചുകള്‍ വഴി മാറ്റിയെടുക്കാന്‍ അനുമതിയില്ലാത്തതാണ് ഇവരെ വെട്ടിലാക്കിയത്. ഏകദേശം രണ്ടര കോടിയോളം ഇന്ത്യക്കാരാണ് വിദേശത്തുള്ളത്. ശരാശരി 4000 രൂപ വീതം ഇവരുടെ കൈവശം ഉണ്ടെങ്കില്‍ തന്നെ പതിനായിരം കോടിയോളം വരും. വിദേശ രാജ്യങ്ങളില്‍ ജോലിക്കും വിനോദ, തീര്‍ഥാടനത്തിനും മറ്റും ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും തിരികെ വരുമ്പോഴുമുള്ള അത്യാവശ്യ ചെലവുകള്‍ക്കുമായി രൂപ കൈവശം വെച്ചവരും നോട്ട് നിരോധനം മൂലം വെട്ടിലായിട്ടുണ്ട്. കൈയിലുള്ള രൂപ മാറ്റിയെടുക്കാന്‍ ഇവര്‍ക്ക് നാട്ടില്‍ എത്തുകയല്ലാതെ മറ്റ് വഴിയില്ല. അതേസമയം, ചെറിയ തുകകള്‍ മാറ്റിയെടുക്കാന്‍ മാത്രമായി നാട്ടില്‍ എത്തുക എന്നത് ഇവരെ സംബന്ധിച്ച് പ്രായോഗികമല്ല. ഇവര്‍ നോട്ടുകള്‍ ഏജന്‍സികള്‍ക്ക് കൈമാറുകയോ ഉപേക്ഷിക്കുകയോ ആണ് ചെയ്യുക. എന്നാല്‍ നിയമവിരുദ്ധ ഇടപാടുകള്‍ക്കായി വന്‍ തുകകള്‍ വിദേശ നാടുകളില്‍ എത്തിച്ചവരാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഇത്തരം സംഘങ്ങളാണ് തുക ഏതുവിധേനയും മടക്കിയെത്തിച്ച് പുതിയ നോട്ടുകളാക്കി മാറ്റാന്‍ ഇപ്പോള്‍ ശ്രമം നടത്തുന്നത്.