തകര്‍ന്ന റഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

Posted on: December 27, 2016 11:07 pm | Last updated: December 27, 2016 at 11:07 pm
തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടം കരിങ്കടലില്‍ നിന്ന് പൊക്കിയെടുക്കുന്നു

മോസ്‌കോ: കരിങ്കടലില്‍ തകര്‍ന്നു വീണ റഷ്യന്‍ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്‌സും കണ്ടെത്തി. 92 പേരുടെ മരണത്തിനിടയാക്കിയ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ടി യു 152 വിമാനത്തിന്റേതാണ് അവശിഷ്ടങ്ങളെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാവും പകലും നീണ്ടു നിന്ന പരിശോധനക്കൊടുവിലാണ് കടലില്‍ നിന്ന് ബ്ലാക്‌ബോക്‌സ് കണ്ടെത്താനായത്.

സിറിയയിലെ റഷ്യന്‍ സൈനികര്‍ക്കായി പുതുവര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന കലാപരിപാടി അവതരിപ്പിക്കാനുള്ള റെഡ് ആര്‍മിയിലെ കലാകാരന്മാരുമായി പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും കലാകാരന്മാരാണ്. വിമാനം അപകടത്തില്‍പ്പെടാനുള്ള സാഹചര്യവും കാരണവും വ്യക്തമാകാന്‍ ബ്ലാക്‌ബോക്‌സിന്റെ പരിശോധന കൊണ്ട് സാധ്യമാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. പൈലറ്റിന്റെ ശ്രദ്ധക്കുറവോ സാങ്കേതിക തകരാറോ ആണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ തീവ്രവാദി ആക്രമണ സാധ്യതയില്ലെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സോച്ചി വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച രാവിലെ ഉയര്‍ന്ന വിമാനം കരിങ്കടലില്‍ തകര്‍ന്ന് വീഴുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 92 പേരില്‍ 13 പേരുടെ മൃതദേങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. തീരദേശങ്ങളിലുമായി വ്യാപകമായ പരിശോധനയാണ് നടക്കുന്നതെന്ന് ഗതാഗത മന്ത്രി മാക്‌സിം സൊകോലോവ് വ്യക്തമാക്കി.
റെഡ് ആര്‍മിയുടെ കലാകാരന്മാര്‍ക്ക് പുറമെ നിരവധി സൈനിക ഉദ്യോഗസ്ഥരും ഡോക്ടര്‍ ലിസ എന്ന പേരില്‍ അറിയപ്പെടുന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക യെലിസാവെറ്റ ഗ്ലിന്‍ഗയും വിമാനത്തിലുണ്ടായിരുന്നു. ലതാക്കിയയിലെ ആശുപത്രിയിലേക്കുള്ള സഹായവുമായി പുറപ്പെട്ടതായിരുന്നു ഇവര്‍.
രാജ്യത്തെ നടുക്കിയ വിമാനാപകടത്തില്‍ റഷ്യ ദുഃഖാചരണം നടത്തി. വിമാനത്തിലുണ്ടായിരുന്നവരുടെ ഓര്‍മക്കായി കരിങ്കടല്‍ തീരത്ത് പുഷ്പങ്ങള്‍ സമര്‍പ്പിച്ചുള്ള ഉപചാരങ്ങള്‍ നടന്നു.