താനൊരിക്കലും കപട വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രി

Posted on: December 27, 2016 7:12 pm | Last updated: December 28, 2016 at 10:50 am

ഡെറാഡൂണ്‍: ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് നാടകള്‍ മുറിക്കാനല്ല മറിച്ച് പ്രകാശം പരത്താനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താനൊരിക്കലും കപട വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല. പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടെന്നും മോദി പറഞ്ഞു. ഡെറാഡൂണില്‍ ചാര്‍ ദാം ഹൈവേ വികസന പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്പത് ദിവസത്തിനുള്ളില്‍ ജനങ്ങളുടെ നോട്ടുദുരിതം അവസാനിക്കുമെന്ന് മോദി പറഞ്ഞിരുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്ന് അമ്പത് ദിവസം തികയാന്‍ ദിനങ്ങള്‍ മാത്രമേയുള്ളൂ. എന്നിട്ടും ജനത്തിന്റെ നോട്ടുദുരിതത്തിന് അറുതിയായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം.

അധികാരത്തില്‍ വന്നാല്‍ അഴിമതിക്കാരെ ശിക്ഷിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ ജനങ്ങള്‍ക്ക് ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായെന്ന് അറിയാം. എന്നിട്ടും അഴിമതിക്കെതിരായ പോരാട്ടത്തിന് രാജ്യത്തെ ജനത മുന്നിട്ടിറങ്ങിയെന്നും മോദി പറഞ്ഞു.
നേരത്തെ നോട്ട അസാധുവാക്കല്‍ പൂര്‍ണപരാജയമാണെന്ന് രാഹുല്‍ഗാന്ധി മമത ബാനര്‍ജിയും പറഞ്ഞിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ കളളപ്പണവും കള്ളനോട്ടും ഭീകരതയ്ക്കുള്ള ഫണ്ടും തടയാനായില്ല. പ്രധാനമന്ത്രി കോഴ വാങ്ങിയെന്ന ആരോപണവും രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു.
അന്‍പത് ദിവസമായി, പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെക്കുമോയെന്ന് മമതബാനര്‍ജിയും ചോദിച്ചു.