കോഴിക്കോട്ടെ യുവതി കാമുകനെ തേടി ചെങ്ങനൂരില്‍; കൈയൊഴിഞ്ഞപ്പോള്‍ ആത്മഹത്യാ ശ്രമം

Posted on: December 27, 2016 1:15 pm | Last updated: December 27, 2016 at 12:55 pm

ചെങ്ങന്നൂര്‍(ആലപ്പുഴ): കോഴിക്കോടു നിന്ന് കാണാതായ അഭിഭാഷക യുവതി കാമുകനെ തേടി ചെങ്ങന്നൂരിലെ വീട്ടിലെത്തി. ബന്ധുക്കള്‍ എതിര്‍ത്തതോടെ പോലീസ് സ്റ്റേഷനിലെത്തി കൈഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തി. കോഴിക്കോട് ബേപ്പൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ 22 കാരി യുവതിയാണ് കോഴിക്കോടുനിന്ന് വിളിച്ച ടാക്‌സി കാറില്‍ ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ കാമുകനെ തേടി എത്തിയത്.

തിരുവല്ലയില്‍ അഭിഭാഷകനായ യുവാവിനെ കോഴിക്കോട് ലോ കോളജിലെ പഠനത്തിനിടെയാണ് യുവതി പരിചയപ്പെടുന്നത്. യുവാവ് കോഴ്‌സു കഴിഞ്ഞ് നാട്ടിലേക്ക് പോന്നതോടെ ഫോണിലും ചിലപ്പോള്‍ നേരിട്ടു കണ്ടും ബന്ധം തുടര്‍ന്നിരുന്നു. യുവതി പലപ്രാവശ്യം വിവാഹ ആവശ്യം ഉന്നയിച്ചെങ്കിലും യുവാവ് ബന്ധുക്കളുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി വിസമ്മതിക്കുകയായിരുന്നു. ഇതിനിടെയാണ് ക്രിസ്മസ് ദിനത്തില്‍ കോഴിക്കോടു നിന്നും യുവാവിനെ തിരക്കിയെത്തിയത്.
ചെങ്ങന്നൂരിലെത്തി പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഫോണ്‍ എടുത്തില്ല. പിന്നീടാണ് കല്ലിശ്ശേരിയിലെ വീട്ടിലേക്കെത്തിയത്. യുവതി എത്തിയെന്നറിഞ്ഞതോടെ യുവാവിന്റെ പിതാവും സഹോദരീ ഭര്‍ത്താവും യുവതിയെയും കൂട്ടി ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

പോലീസിന് മുന്നില്‍ ബന്ധുക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സ്റ്റേഷനിലെ വിസിറ്റേഴ്‌സ് മുറിയില്‍ ഉണ്ടായിരുന്ന ബാത്ത് റൂമില്‍ കയറി പെണ്‍കുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് നിസാരമായിരുന്നു.യുവതിയെ ബേപ്പൂര്‍ പോലീസിന് കൈമാറി