Connect with us

Gulf

യുഎപിഎ ചുമത്തുന്നതിനോട് വിയോജിപ്പെന്ന് മുഖ്യമന്ത്രി

Published

|

Last Updated

ദുബൈ: രാഷ്ട്രീയ കേസുകളില്‍ യു എ പി എ ചുമത്തുന്നതിനോട് വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ് യു എ പി എ ചുമത്തുന്നതിലൂടെ നടക്കുന്നത്. പക്ഷേ, തീവ്രവാദ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സ്വാഭാവികമായി വരുന്നതാണ് ഇത്തരം വകുപ്പുകള്‍. പോലീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആര് പരാതി ഉന്നയിച്ചാലും പരിശോധിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും, മുഖ്യമന്ത്രി പറഞ്ഞു. പോലീസിനു മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ തുറന്നു പറയുന്നതിന് തടസമുണ്ട്, ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ യു എ ഇ സന്ദര്‍ശനം വലിയ ചാരിതാര്‍ഥ്യം നല്‍കി. ഇവിടെ മലയാളി സമൂഹത്തിന് വലിയ അംഗീകാരമുണ്ടെന്ന് ഒരിക്കല്‍കൂടി ബോധ്യമായി. ദുബൈ, ഷാര്‍ജ ഭരണാധികാരികള്‍ നല്ല മതിപ്പാണ് മലയാളികളെ കുറിച്ച് പ്രകടിപ്പിച്ചത്. മലയാളി സമൂഹത്തിന് ഇത്രയധികം ആദരവ് ലഭ്യമായത് ഇവിടത്തെ മലയാളികളുടെ മികവുറ്റ പ്രവര്‍ത്തനംകൊണ്ടാണ്. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തുറന്ന മനസോടെയാണ് തന്നെ സ്വീകരിച്ചത്. അദ്ദേഹത്തിന് മുന്നില്‍ ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചു. മലയാളി കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ഒരു ടൗണ്‍ഷിപ്പ് വേണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സ്ഥലം തരേണ്ടത് ഷാര്‍ജ ഭരണാധികാരിയാണ്. കെട്ടിടം നമ്മള്‍ പണിതുകൊടുക്കണം. മറ്റൊന്ന് സാംസ്‌കാരിക കേന്ദ്രം വേണമെന്ന ആവശ്യമാണ്. ഇത് ദുബൈ അധികൃതരോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഷാര്‍ജയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാമെന്ന് ഭരണാധികാരി ഉറപ്പുനല്‍കി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി എന്നിവരെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ വികസനത്തില്‍ ദുബൈ ഹോള്‍ഡിംഗ് വലിയ പങ്കുവഹിക്കുമെന്നാണ് കരുതുന്നത്. സ്മാര്‍ട്‌സിറ്റി നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് ഒരു വര്‍ഷം മുന്‍കൂട്ടിതന്നെ പൂര്‍ത്തിയാക്കും. സ്മാര്‍ട്‌സിറ്റിക്ക് പുറമെ ടൂറിസം മേഖലയിലും നിക്ഷേപം നടത്താന്‍ ദുബൈ ഹോള്‍ഡിംഗ് അധികൃതര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ആയുര്‍വേദ ചികിത്സാ സംബന്ധമായി നാട്ടില്‍ ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നുണ്ട്. ഗവേഷണം ഉള്‍പെടെയുള്ള സംവിധാനമാണത്. ദുബൈയിലും ഇതിന്റെ തുടര്‍ പദ്ധതി ഉണ്ടാകും. ഷാര്‍ജയിലും ദുബൈയിലും മലയാളി സാംസ്‌കാരിക നിലയം സ്ഥാപിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്‌സ് താമസിയാതെ പുനഃസംഘടിപ്പിക്കും. പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കും. നോര്‍ക്ക റൂട്‌സ് പുനഃസംഘടിപ്പിക്കുമ്പോള്‍ ഗള്‍ഫ് മേഖലക്ക് നല്ല പ്രാതിനിധ്യമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് സംബന്ധിച്ചു.

Latest