എം എല്‍ എയെ അപമാനിച്ചതിനെക്കുറിച്ച് അന്വേഷിക്കണം

Posted on: December 24, 2016 9:32 am | Last updated: December 24, 2016 at 9:32 am
ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയെ പോലീസ് അപമാനിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. 19ന് വെളുപ്പിന് ടോള്‍ ഗേറ്റില്‍ വെച്ചാണ് എം എല്‍ എക്ക് പോലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ പോലീസ് എം എല്‍ എയോട് തട്ടിക്കയറുകയും അദ്ദേഹത്തിന്റെ വാഹനം പരിശോധിക്കുകയും ചെയ്തു. എം എല്‍ എയാണെന്ന് അറിയിച്ചപ്പോള്‍ ഏത് എം എല്‍ എയായലെന്താ എന്നായിരുന്നു പോലീസിന്റെ മറുചോദ്യം.

കള്ളക്കടത്തുകാരോട് പെരുമാറുന്നത് പോലെയായിരുന്നു പൊലീസ് പെരുമാറിയത്. അറിയപ്പെടുന്ന ജനപ്രതിനിധിയോട് ഇങ്ങനെ പെരുമാറുന്ന പോലീസ് സാധാരണക്കാരോട് എങ്ങനെയായിരിക്കും പെരുമാറുക? സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല കത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.