Connect with us

International

എബോള വൈറസിനെതിരെ നൂറ് ശതമാനം ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

Published

|

Last Updated

ജനീവ: മാരകമായ എബോള വൈറസിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ) അവകാശപ്പെട്ടു. വാക്‌സിന്‍ നൂറ് ശതമാനം ഫലം നല്‍കുമെന്നാണ് സംഘടനയുടെ വാഗ്ദാനം. എബോള രോഗം വീണ്ടും പൊട്ടിപ്പുറപ്പെടുന്നതില്‍ നിന്ന് ഈ വാക്‌സിന്‍ ഫലപ്രദമായ പ്രതിരോധം സൃഷ്ടിക്കുമെന്ന് ഡബ്ല്യൂ എച്ച് ഒ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. മാരി പോള്‍ കീനി വ്യക്തമാക്കി. അവസാനവട്ട പരീക്ഷണവും പൂര്‍ണ വിജയമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു വര്‍ഷമായി മാരകമായ എബോള വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ശാസ്ത്ര ലോകം. ഏറ്റവും ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കാന്‍ ഇപ്പോള്‍ കണ്ടെത്തിയ വാക്‌സിന് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 2013 ഡിസംബര്‍ മുതല്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച ഈ രോഗം പതിനായിരത്തിലധികം ആളുകളുടെ ജീവന്‍ കവര്‍ന്നിരുന്നു.

പുതിയ വാക്‌സിന്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ലാന്‍സറ്റ് മെഡിക്കല്‍ ജേണലില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഗിനിയയില്‍ 5800 പേര്‍ക്ക് ഈ വാക്‌സിന്‍ നല്‍കി ഫലം കണ്ടതായും പഠന ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Latest