Connect with us

International

അലപ്പൊ അസദിന്റെ സമ്പൂര്‍ണ ആധിപത്യത്തില്‍

Published

|

Last Updated

വിമതരുടെ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായും മോചിപ്പിച്ച അലപ്പൊ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്നവര്‍

അലപ്പോ സിറ്റി: സിറിയയിലെ വിമതരുടെ കൈവശമുണ്ടായിരുന്ന അലപ്പൊ നഗരം സിറിയന്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായി. സിറിയന്‍ സര്‍ക്കാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആറ് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ, അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വിമതര്‍ക്ക് മേല്‍ നേടുന്ന വലിയ വിജയമാണിതെന്നാണ് കണക്കാക്കപ്പെടുന്നത്. വിമതരുടെ ചെറിയൊരു വിഭാഗത്തിന്റെ നിയന്ത്രണത്തിന് കീഴിലുണ്ടായിരുന്ന കിഴക്കന്‍ അലപ്പൊയിലെ ഒരു ഭാഗവും പിടിച്ചെടുത്തതോടെയാണ് അലപ്പൊ പൂര്‍ണമായും സൈന്യത്തിന് കീഴിലായത്.

നഗരത്തില്‍ നിന്ന് ഒഴിഞ്ഞുപോകുന്ന വിമത വിഭാഗത്തിലെ ആളുകള്‍

ധീര രക്തസാക്ഷികള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും അലപ്പൊ നഗരത്തിന് വീണ്ടും സുരക്ഷിതത്വവും സുസ്ഥിരതയും ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൈനിക പ്രസ്താവനയില്‍ അവകാശപ്പെടുന്നു. സേനാ ജനറല്‍ ടെലിവിഷനിലൂടെയാണ് പ്രസ്താവന നടത്തിയത്. അലപ്പൊ നഗരത്തിന് മേലുള്ള വിജയം തന്ത്രപ്രധാനമായ മുന്നേറ്റമാണെന്നും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഏറെ നിര്‍ണായകമാണെന്നും ഇത് ഭീകരവാദികള്‍ക്കെല്ലാം കനത്ത തിരിച്ചടിയാണെന്നും പ്രസ്താവനയില്‍ അവകാശപ്പെടുന്നുണ്ട്. സിറിയന്‍ വിമതര്‍ക്കെതിരെ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ നിര്‍ണായക വിജയമെന്നാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിജയത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ അലപ്പൊയിലും മറ്റും സൈനികര്‍ വിജയാഹ്ലാദ പ്രകടനങ്ങളും നടത്തി. സാധാരണക്കാരായ നിരവധി പേരും ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിറിയന്‍ ടി വി ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

സിറിയയിലെ ചരിത്ര പ്രസിദ്ധമായ അലപ്പൊ നഗരം 2012 മുതല്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയായിരുന്നു. ഒരു ഭാഗത്ത് സിറിയന്‍ സൈന്യം പിടിമുറുക്കിയപ്പോള്‍ മറുവശത്ത് വിമതരും ശക്തമായി പിടിച്ചു നിന്നു. ഇതിനകം പതിനായിരക്കണക്കിന് സാധാരണക്കാര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു. നിരവധി പേര്‍ മാനുഷിക സഹായത്തിന് വേണ്ടി കേഴുകയാണ്.

Latest