Connect with us

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ ഒരുങ്ങുന്നു. ഗാര്‍ഹിക നിരക്കുകളില്‍ യൂനിറ്റിന് പത്ത് മുതല്‍ അമ്പത് വരെ പൈസയുടെ വര്‍ധനവാണ് പരിഗണിക്കുന്നത്. നിരക്ക് വര്‍ധന സംബന്ധിച്ച കരട് റിപ്പോര്‍ട്ട് പുറത്തുവിട്ട റഗുലേറ്ററി കമ്മീഷന്‍ പൊതു തെളിവെടുപ്പിന്റെ സമയക്രമവും നിശ്ചയിച്ചു. ഏഴ് ജില്ലകളിലായി നടത്തുന്ന തെളിവെടുപ്പില്‍ അഭിപ്രാങ്ങള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ഒരു ഗാര്‍ഹിക ഉപഭോക്താവിന് മുപ്പത് രൂപ എന്ന കണക്കില്‍ ഫിക്‌സഡ് ചാര്‍ജ് ഈടാക്കും. ഗാര്‍ഹിക ഉപഭോക്താക്കളും വ്യാവസായിക ഉപഭോക്താക്കളും തമ്മില്‍ നിരക്കിലുള്ള അന്തരം കുറക്കുന്ന തരത്തിലാണ് നിരക്ക് വര്‍ധനാ നിര്‍ദേശം.
ആയിരം വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം നാല്‍പ്പത് യൂനിറ്റ് വരെ ഉപയോഗിക്കുന്നവരുമായ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് വര്‍ധനയുണ്ടാകില്ല. അമ്പത് യൂനിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്ക് ഒരു യൂനിറ്റിന് 2.80 രൂപയില്‍ നിന്ന് 2.90 ആയും 51 മുതല്‍ നൂറ് യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍കക്ക് 3.20 രൂപയില്‍ നിന്ന് 3.50 ആയും ഉയര്‍ത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. 101 മുതല്‍ 150 വരെ യൂനിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് 4.20 രൂപയില്‍ നിന്ന് 4.50 രൂപയായിട്ടാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. 151 മുതല്‍ 200 യൂനിറ്റ് വരെ 6.10 രൂപയായിരിക്കും നിരക്ക്. നിലവിലിത് 5.80 രൂപയാണ്. 201 മുതല്‍ 250 വരെ ഉപയോഗിക്കുന്നവര്‍ 7.30 രൂപ നല്‍കണം. ഏഴ് രൂപയാണ് നിലവിലുള്ള നിരക്ക്. മുന്നൂറ് യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് രൂപക്ക് പകരം 5.50 രൂപ പുതിയതായി നല്‍കണം. മുന്നൂറ് യൂനിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരുടെ ഫിക്‌സഡ് ചാര്‍ജിലും മാറ്റം വരും. സിംഗിള്‍ ഫേസിന് മുപ്പത് രൂപയും ത്രീഫേസിന് എണ്‍പത് രൂപയുമാണ് പുതിയ നിരക്ക്.

350 യൂനിറ്റ് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 6.20 രൂപയാണ് പുതിയ നിരക്ക്. നിലവില്‍ 5.70 രൂപയാണിത്. നാനൂറ് യൂനിറ്റ് വരെയുള്ളവര്‍ 6.10 രൂപക്ക് പകരം 6.50 രൂപ നല്‍കണം. അഞ്ഞൂറ് യൂനിറ്റ് വരെയും അതിനും മുകളിലും ഉപയോഗിക്കുന്നവരുടെ നിരക്കില്‍ മാറ്റം നിര്‍ദേശിക്കുന്നില്ല. കാര്‍ഷിക മേഖലയില്‍ നിരക്ക് വര്‍ധിപ്പിക്കില്ല. ഉയര്‍ന്ന നിരക്കുള്ള വ്യാവസായിക ഉപഭോക്താക്കളെ വര്‍ധനയില്‍ നിന്ന് ഒഴിവാക്കും.

250 യൂനിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂനിറ്റിന് പത്ത് പൈസ മുതല്‍ മുപ്പത് പൈസ വരെ നിരക്ക് വര്‍ധിപ്പിക്കും. സിംഗിള്‍ ഫേസിന് ഫിക്‌സഡ് ചാര്‍ജ് ഇരുപത് രൂപയില്‍ നിന്ന് മുപ്പത് രൂപയായും ത്രീ ഫേസിന് അറുപത് രൂപയില്‍ നിന്ന് എണ്‍പത് രൂപയായും ഉയര്‍ത്തും.

വ്യവസായ യൂനിറ്റുകളുടേയും നാണ്യവിള തോട്ടങ്ങളുടെയും കോളനികളിലെ താമസക്കാരുടെ ഫിക്‌സഡ് ചാര്‍ജ് നിരക്കില്‍ മാറ്റം വരും. ഒരു കോളനിക്ക് പ്രതിമാസം 2,200 രൂപ എന്നത് മാറ്റി ഒരു ഗാര്‍ഹിക യൂനിറ്റിന് മുപ്പത് രൂപ എന്നാക്കാനാണ് നിര്‍ദേശം. എന്നാല്‍, വൈദ്യുതി നിരക്ക് 6.50 രൂപയില്‍ നിന്ന് കുറച്ച് മറ്റു കോളനികള്‍ക്ക് തുല്യമായ നിരക്കിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നു.

വ്യവസായിക വിഭാഗത്തിലുള്ളവരുടെ ഫിക്‌സഡ് ചാര്‍ജ് കുറക്കാന്‍ നിര്‍ദേശമുണ്ട്. ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ വ്യവസായം (എച്ച് ‘ടി1-എ) നിലവിലുള്ള 5.20 രൂപയില്‍ നിന്നും 5.50 രൂപയായി ഉയര്‍ത്തും. ഐ ടി വ്യവസായത്തിന് 5.90 രൂപയായിരിക്കും പുതിയ നിരക്ക്. നിലവിലിത് 5.60 രൂപയാണ്.

ജനറല്‍ വിഭാഗത്തില്‍ 5.10 രൂപയില്‍ നിന്ന് 5.30 ആയും ഗാര്‍ഹിക (എച്ച് ടി 5) 5.60 രൂപയായും വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുന്നു. എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ വ്യവസായിക ഉപഭോക്താക്കള്‍ക്ക് 5.20 രൂപയില്‍ നിന്ന് 5.50 ആയും ഐ ടി വ്യവസായത്തിന് 5.60 രൂപയില്‍ നിന്ന് 5.90 രൂപയായും ജനറല്‍ വിഭാഗത്തിനു 5.10 രൂപയില്‍ നിന്ന് 5.30 ആയും ഉയര്‍ത്തും.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ്, സ്‌പോര്‍ട്‌സ്, ക്ലബ് എന്നീ വിഭാഗങ്ങള്‍ക്കും നിരക്ക് വര്‍ധന നിര്‍ദേശിക്കുന്നുണ്ട്.
വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ തയ്യാറാക്കിയ കണക്കനുസരിച്ച് കെ എസ് ഇ ബി ലിമിറ്റഡ് 2016-17 ലും 2017-18ലും ലാഭത്തിലാണ്. എന്നാല്‍, 2011 മുതല്‍ 2013 വരെയുള്ള വരുമാന കമ്മി 4,924 കോടിയാണ്. ഇതുകൂടി കണക്കിലെടുത്താണ് ഈ സാമ്പത്തിക വര്‍ഷം അധിക വരുമാനം റെഗുലേറ്ററി കമ്മിഷന്‍ ലക്ഷ്യമിടുന്നത്.

 

Latest