ഉത്സവപ്രതീതിയില്‍ ഷാര്‍ജ സ്‌കൂള്‍ കെട്ടിടം തുറന്നു

Posted on: December 23, 2016 9:44 pm | Last updated: December 23, 2016 at 9:44 pm
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂൡന്റ ജുവൈസയിലെ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. അഹ്മദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ, എം എ യൂസുഫലി, കെ മുരളീധരന്‍ എം എല്‍ എ, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ മുരളീധരന്‍,
അഡ്വ. വൈ എ റഹീം തുടങ്ങിയവര്‍ സമീപം ഫോട്ടോ- കെ വി എ ഷുക്കൂര്‍

ഷാര്‍ജ: ജുവൈസ് മരുഭൂവിനെ ഉത്സവപ്രതീതിയിലാഴ്ത്തി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം തുറന്നു. പ്രൗഢമായ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രവാസി രക്ഷിതാക്കളും മാനേജ്‌മെന്റ് ഭാരവാഹികളുമുള്‍പെടെ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ രക്ഷാധികാരി അഹ്മദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ, കെ മുരളീധരന്‍ എം എല്‍ എ, എം എ യൂസുഫലി, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ മുരളീധരന്‍, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലെ ഉദ്യോഗസ്ഥരും പ്രമുഖരും സംബന്ധിച്ചു.

സ്‌കൂളിന്റെ പ്രധാന ബ്ലോക്കാണ് ഉദ്ഘാടനം ചെയ്തത്. വര്‍ണബലൂണുകള്‍ കൊണ്ടും മറ്റും സ്‌കൂള്‍ അലങ്കരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡും കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്നു. നേരത്തെ തന്നെ ആളുകള്‍ സ്‌കൂള്‍പരിസരങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. ഉദ്ഘാടനം നടക്കുമ്പോഴേക്കും പരിസരം തിങ്ങിനിറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി മാനേജ്‌മെന്റ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് യാത്രാസൗകര്യമൊരുക്കിയിരുന്നു. ആവേശത്തോടെയാണ് ജനം മുഖ്യമന്ത്രിയെ വരവേറ്റത്. ഇത്രയും പ്രൗഢമായൊരു ചടങ്ങ് ആദ്യമായാണ് ജുവൈസ് മരുഭൂമിയില്‍ നടക്കുന്നത്.

ആറായിരത്തിലധികം കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ സൗകര്യമുള്ളതാണ് പുതിയ കെട്ടിടം. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സൗജന്യമായി അനുവദിച്ച ഭൂമിയിലാണ് സ്‌കൂള്‍ കെട്ടിടം പണിതത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്‌കൂളില്‍ ജനുവരിയില്‍ അഡ്മിഷന്‍ ആരംഭിക്കുമെന്നും അടുത്ത അധ്യയന വര്‍ഷംതന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ അഡ്മിഷനായി രക്ഷിതാക്കളും നീക്കമാരംഭിച്ചു. ഏറ്റവും ചുരുങ്ങിയ ചെലവില്‍ പഠനം സാധ്യമാകുമെന്നതാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ സാധാരണക്കാരായ പ്രവാസികള്‍ ആശ്രയിക്കുന്നതും ഈ വിദ്യാലയത്തെയാണ്. കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നതോടെ എമിറേറ്റില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍മാറും. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വൈ എ റഹീം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ നാരായണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.