ഡിഎല്‍എഫിന്റെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കേണ്ടെന്ന കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും: വിഎം സുധീരന്‍

Posted on: December 23, 2016 8:01 pm | Last updated: December 23, 2016 at 8:01 pm

തിരുവനന്തപുരം: അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയ ഡിഎല്‍എഫിന്റെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കേണ്ടെന്ന ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. തീരദേശ പരിപാല നിയമവും പരിസ്ഥിതി നിയമവും ലംഘിച്ച് ഡിഎഎല്‍ എഫ് നടത്തിയ നിര്‍മാണം സാധൂകരിച്ചാല്‍ അത് തെറ്റായ കീഴ് വഴക്കത്തിനു കാരണമാകും. വിധിയില്‍ എത്രയും പെട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

നേരത്തെ ഡിഎല്‍എഫ് വിധിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2014 ഡിസംബര്‍ എട്ടിനാണ് ചെലവന്നൂരിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേ ഡിഎല്‍എഫ് അധികൃതര്‍ നല്‍കിയ അപ്പീലിലാണു ഡിവിഷന്‍ ബെഞ്ചിന്റെ വിധി. പിഴത്തുകയായ ഒരു കോടി രൂപ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഡിഎല്‍എഫ് ഫ്‌ളാറ്റ് നിര്‍മാണം തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമാണെന്നും കൊച്ചി കോര്‍പറേഷന്‍ നിയമവിരുദ്ധമായാണു നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും ആരോപിച്ച് ആനാത്തുരുത്തില്‍ കെ.വി. ആന്റണി നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ബെഞ്ച് ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടിരുന്നത്.