ഡിജിറ്റല്‍ യുഗത്തില്‍ എഴുത്തുകാരേക്കാള്‍ വിവരം വായനക്കാര്‍ക്ക്: ജേക്കബ് തോമസ്

Posted on: December 23, 2016 9:41 am | Last updated: December 23, 2016 at 9:41 am

കോഴിക്കോട്: വായനക്കാരന്‍ ആരാണെന്നും അവരുടെ ആവശ്യമെന്താണെന്നും അറിഞ്ഞ് വാര്‍ത്തകള്‍ തയ്യാറാക്കിയാല്‍ മാത്രമെ മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂവെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഒരു വര്‍ഷം മുമ്പ് വിനോദ യാത്രക്കിടെ അരീപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പതങ്കയത്ത് മുങ്ങി മരിച്ച ദീപിക സീനിയര്‍ റിപ്പോര്‍ട്ടര്‍ പി ജിബിന്റെ അനുസ്മരണ ചടങ്ങില്‍ ‘എഴുത്ത്, വായന, സമൂഹം’ എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗുട്ടന്‍ബര്‍ഗിന്റെ കാലം മുതല്‍ അഞ്ച് നൂറ്റാണ്ട് നിലനിന്നുപോന്ന എഴുത്ത്‌വായന സംസ്‌കാരത്തിന് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. എഴുതുന്നവരായിരുന്നു അറിവുള്ളവര്‍. വായിക്കുന്നവര്‍ അതില്‍ നിന്ന് അറിവ് നേടുന്നവരായിരുന്നു. എന്നാല്‍, ഡിജിറ്റല്‍ യുഗത്തില്‍ എഴുതുന്നവരേക്കാള്‍ വിവരം പലപ്പോഴും വായിക്കുന്നവര്‍ക്ക് ഉള്ളതായി മറുപടി എഴുത്തുകളില്‍ വ്യക്തമാകും. എഴുത്തുകാരന്റെ സൃഷ്ടി പ്രസിദ്ധീകരിക്കപ്പെടുന്നതോടെ അത് ഒരു ഒഴുക്കില്‍പ്പെടുകയാണ്. വിവിധ മറ്റ് അഭിപ്രായങ്ങള്‍ കൂടി കലര്‍ന്ന് പുതിയൊരു സൃഷ്ടിയായി അത് മാറുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മലയോര താമസക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും കോടഞ്ചേരിയില്‍ വീട് തകര്‍ന്നവരെ കുറിച്ചുമെല്ലാം പി ജിബിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ക്ക് പ്രതികരണമുണ്ടായത് അവ വായനക്കാരന്റെ അഭിരുചി അറിഞ്ഞുള്ളതായത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ രാജേഷ്, ഫാദര്‍ ജോയ്‌സ് വയലില്‍, സജീവന്‍ കല്ലേരി, എസ് ശ്രീശാന്ത്, പി വി ജീജോ, രമേശ് കോട്ടൂളി, ബൈജു ബാപ്പുട്ടി, എ കെ ശ്രീജിത്ത്, എസ് ജയകൃഷ്ണന്‍, പി സുബീഷ് എന്നിവര്‍ ജിബിനെ അനുസ്മരിച്ചു.
ജിബിന്റെ അച്ഛന്‍ പി ബാബു മുഖ്യാതിഥി ജേക്കബ് തോമസിനുള്ള ഉപഹാരം സമര്‍പ്പിച്ചു. സുനില്‍ ബേബി തയ്യാറാക്കിയ ‘ജിബിന്‍ ഒരു ഓര്‍മ’ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.