Connect with us

National

മല്യയുടെ കിംഗ്ഫിഷര്‍ വില്ല വാങ്ങാന്‍ ഇനിയും ആളില്ല

Published

|

Last Updated

മുംബൈ: കരുതല്‍ത്തുക അഞ്ച് ശതമാനം കുറച്ച് വീണ്ടും ലേലത്തിന് വെച്ചപ്പോഴും വിവാദ വ്യവസായി വിജയ് മല്യയുടെ കിംഗ്ഫിഷര്‍ വില്ല ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. ഇത് രണ്ടാം തവണയാണ് ഗോവയിലെ കിംഗ്ഫിഷര്‍ വില്ല ലേലത്തിന് വെക്കുന്നത്.

വിവിധ ബേങ്കുകളില്‍ നിന്ന് 9,000 കോടി രൂപ കടമെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മല്യയില്‍ നിന്ന് തുക തിരിച്ചുപിടിക്കുന്നതിനാണ് മല്യയുടെ സ്വത്തുക്കള്‍ ലേലത്തിന് വെക്കാന്‍ 17 ബേങ്കുകളുടെ കണ്‍സോര്‍ഷ്യം തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് കിംഗ്ഫിഷര്‍ വില്ല ആദ്യം ലേലത്തിന് വെച്ചത്. 85.29 കോടി രൂപയാണ് അന്ന് കരുതല്‍ധനമായി നിശ്ചയിച്ചത്. ഇത് വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ആരും അന്ന് ലേലം കൊണ്ടില്ല. അതിന് ശേഷമാണ് കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ലേലം നിശ്ചയിച്ചത്. അഞ്ച് ശതമാനം കുറച്ച് കരുതല്‍ത്തുക 81 കോടിയാക്കിയിട്ടും ഇത്തവണയും ആരും വില്ല വാങ്ങാന്‍ തയ്യാറായില്ല.

ഇനിയും തുക കുറച്ചേക്കുമെന്ന വിശ്വാസത്തിലാണ് ആരും ലേലം വിളിക്കാത്തതിന് ഒരു കാരണമായി അധികൃതര്‍ പറയുന്നത്. മാത്രമല്ല, 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ റിയല്‍എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടായിരിക്കുന്ന സ്തംഭനവും കാരണമാണ്.
വന്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി നേരത്തെ മല്യ ഉപയോഗിച്ചിരുന്ന വില്ലയാണ് ഇപ്പോള്‍ ലേലത്തിന് വെച്ചിട്ടുള്ളത്. മല്യയുടെ യുനൈറ്റഡ് ബ്രവറീസ് ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള വില്ല, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ധനസമാഹരണത്തിന് വേണ്ടി പണയപ്പെടുത്തുകയായിരുന്നു. എസ് ബി ഐ, പി എന്‍ ബി, ഐ ഡി ബി ഐ, ഫെഡറല്‍ ബേങ്ക്, ആക്‌സിസ് ബേങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് 9000 കോടി രൂപയാണ് വായ്പയെടുത്തിരുന്നത്. എന്നാല്‍, വായ്പ തിരിച്ചടക്കാതെ കഴിഞ്ഞ മാര്‍ച്ചില്‍ മല്യ രാജ്യം വിട്ടു. ബ്രിട്ടനില്‍ കഴിയുന്ന മല്യയെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ അന്വേഷണ ഏജന്‍സിയായ സി ബി ഐ നടത്തിയെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.