Connect with us

Editorial

നിയന്ത്രിക്കാനാകുമോ അജ്ഞാത സംഭാവനകള്‍?

Published

|

Last Updated

നടപ്പില്‍വരുന്നതാണോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2,000 രൂപക്ക് മുകളില്‍ വരുന്ന അജ്ഞാത സംഭാവനകള്‍ നിരോധിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ? കള്ളപ്പണക്കാരും രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ഫണ്ട് പിരിവ് വിജയിക്കണമെങ്കില്‍ പാര്‍ട്ടികള്‍ക്ക് കള്ളപ്പണക്കാരുടെ സഹായം വേണം. കള്ളപ്പണക്കാര്‍ക്ക് ഭരണ തലങ്ങളില്‍ നിന്നുള്ള ഇളവുകള്‍ക്കും ആനുകൂല്യങ്ങള്‍ക്കും റെയ്ഡുകളില്‍ നിന്ന് രക്ഷപ്പെടാനുമൊക്കെ പാര്‍ട്ടികളുടെ സഹായവും ആവശ്യാണ്. തിരഞ്ഞെടുപ്പ് കാലത്താണ് പാര്‍ട്ടി കേന്ദ്രങ്ങളിലേക്ക് ഏറ്റവുമധികം കള്ളപ്പണമെത്തുന്നത്. പ്രചാരണത്തിന് ഓരോ സ്ഥാനാര്‍ഥിയും ചെലവഴിക്കുന്ന തുകക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിലൊതുങ്ങാറില്ല ഒരു സ്ഥാനാര്‍ഥിയുടെയും ചെലവുകള്‍. പൊതുപരിപാടികളിലൂടെ ജനങ്ങളോട് വോട്ട് അഭ്യര്‍ഥിക്കുന്ന പ്രചാരണ രീതിക്ക് പകരം ഓരോ വോട്ടറെയും വ്യക്തിപരമായി കണ്ട് പണവും പാരിതോഷികങ്ങളും നല്‍കുന്ന രീതിയാണിന്നത്തേത്. ഇതിന് വന്‍തോതില്‍ പണം വേണം. ഇവിടെയാണ് കള്ളപ്പണക്കാരുടെ സഹായം അനിവാര്യമായി വരുന്നതും പാര്‍ട്ടി ഫണ്ടുകളിലേക്ക്കള്ളപ്പണത്തിന്റെ ഒഴുക്ക് ശക്തിപ്പെടുന്നതും. ഇതിന് തടയിടാനാണ് കമ്മീഷന്‍ 2,000 രൂപക്ക് മുകളിലുള്ള അജ്ഞാത സംഭാവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ മാത്രമല്ല, പാര്‍ലമെന്റിലോ നിയമസഭകളിലോ തൂക്കുമന്ത്രിസഭകള്‍ വരുമ്പോള്‍ അംഗങ്ങളെ ചാക്കിട്ടു പിടിച്ചു ഭൂരിപക്ഷം നേടാനും കൂടെയുള്ളവരെ ഉറപ്പിച്ചു നിര്‍ത്താനുമെല്ലാം പണം വേണം. ഇവിടെയും കള്ളപ്പണം തന്നെയാണ് പ്രധാന ആശ്രയം. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയപ്പോള്‍ എം പിമാരെ വിലക്കുവാങ്ങിയെന്നാരോപിച്ച് ബി ജെ പി അംഗങ്ങള്‍ ഒരു കോടി രൂപ ലോക്‌സഭയുടെ മേശപ്പുറത്ത് ചൊരിഞ്ഞിരുന്നു. ഈ പണം എവിടെ നിന്നുവന്നു, ആര് നല്‍കി എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഈ സംഭവത്തിന് പിറകില്‍ പ്രവര്‍ത്തിച്ചവരെല്ലാം പരസ്പരം ബന്ധപ്പെട്ടവര്‍ ആയതും അംഗങ്ങളെ വിലക്കെടുക്കുന്ന അധാര്‍മിക രീതി മിക്ക പാര്‍ട്ടികളിലും നടപ്പുള്ളതിനാലും അന്വേഷണം ആവശ്യപ്പെടാന്‍ ആരും മുന്നോട്ട് വന്നതുമില്ല.

ഏത് പാര്‍ട്ടിക്കാണ് ഉറവിടം വെളിപ്പെടുത്താത്ത സംഭാവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാനാവുക? എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ഫണ്ടുകളില്‍ സിംഹ ഭാഗവും അജ്ഞാതരില്‍ നിന്ന് ലഭിച്ച സംഭാവനകളാണെന്നത് രഹസ്യമല്ല. ബി ജെ പി, കോണ്‍ഗ്രസ്, എന്‍ സി പി, സി പി എം, തൃണമൂല്‍കോണ്‍ഗ്രസ് തുടങ്ങി ഏഴ് പ്രമുഖ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കനുസരിച്ചു 2015 -16 വര്‍ഷത്തില്‍ എല്ലാവര്‍ക്കും കൂടി ലഭിച്ചത് 102 കോടിയാണത്രെ. 20,000ത്തിന് മുകളിലുള്ള സംഭാവനകള്‍ മാത്രം പരിഗണിക്കുമ്പോഴുള്ള കണക്കാണിത്. പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ യഥാര്‍ഥ കണക്ക് ഇതിന്റെ അനേക മടങ്ങ് വരും. നിലവിലെ ചട്ടമനുസരിച്ചു 20,000ത്തില്‍ താഴെയുള്ള തുകകളുടെ ഉറവിടം വെളിപ്പെടുത്തേണ്ടതില്ല. ഈ പഴുത് ഉപയോഗപ്പെടുത്തി പാര്‍ട്ടികള്‍ക്ക്കിട്ടുന്ന ഉയര്‍ന്ന സംഭാവനകളേറെയും ചെറിയ തുകകളാക്കി കണക്കില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. സ്വദേശത്തും വിദേശത്തുമുള്ള കള്ളപ്പണക്കാരില്‍ നിന്നാണ് ഇത്തരം സംഭാവനകളില്‍ ഏറിയ പങ്കും ലഭിക്കുന്നതെന്നതിനാലാണ് ഉറവിടം വെളിപ്പെടുത്താത്തത്. ഈ പ്രവണത നിലനില്‍ക്കുന്ന കാലത്തോളം രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കാനാകില്ല. അജ്ഞാത സംഭാവനകള്‍ തടയണമെന്നും ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്.

എന്നാല്‍, വിദേശ ഫണ്ടിംഗിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഗതി തന്നെയായിരിക്കും ഈ നിര്‍ദേശത്തിനും വരാനിരിക്കുന്നത്. നേരത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിദേശ ഫണ്ട് കൈപറ്റുന്നതിനെക്കുറിച്ചു വിവാദമുയര്‍ന്നപ്പോള്‍ ഇതുസംബന്ധിച്ചു ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ പാര്‍ട്ടികളെല്ലാം വിദേശഫണ്ട് കൈപറ്റുന്നതായി അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് പക്ഷേ വെളിച്ചം കണ്ടില്ല. വിദേശ ബേങ്കുകളിലെ കള്ളപ്പണ നിക്ഷേപകരുമായി മിക്ക പാര്‍ട്ടികള്‍ക്കും നിയമവിധേയമല്ലാത്ത ബന്ധങ്ങളുള്ളതിനാല്‍ എന്ത് കൊണ്ട് റിപ്പോര്‍ട്ട് പുറത്തു വന്നില്ലെന്ന് ഒരു കക്ഷിയും ചോദിച്ചതുമില്ല. സ്ത്രീകള്‍ക്ക് പാര്‍ലിമെന്റിലും നിയമസഭകളിലും 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്ല് പരിഗണനക്ക് വന്നിട്ട് ദശാബ്ദങ്ങളായി. ബില്ല് നിയമമായാല്‍ പുരുഷ നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ അവസരം കുറയുമെന്നതിനാല്‍ പല വിധ തടസ്സങ്ങളുമുന്നയിച്ചു അതിന് അംഗീകാരം നല്‍കാനുളള നടപടി വൈകിക്കുകയാണ്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അടുത്തിടെ ഇക്കാര്യത്തിലുള്ള തന്റെ പ്രയാസം വെളിപ്പെടുത്തുകയുണ്ടായി.