അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ ഇളവുമായി വീണ്ടും കേന്ദ്രം

Posted on: December 22, 2016 11:15 pm | Last updated: December 22, 2016 at 11:37 pm

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കലില്‍ വീണ്ടും നിര്‍ദേശങ്ങള്‍ തിരുത്തി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. നികുതികള്‍, സര്‍ചാര്‍ജ്, പിഴകള്‍, പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ പദ്ധതിക്കു കീഴിലുള്ള നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാമെന്നാണ് ധനമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. ഈ മാസം 30വരെ പണം നിക്ഷേപിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്.

കൂടാതെ, കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്ന അക്കൗണ്ടുകളില്‍ ഡിസംബര്‍ 30 വരെ ഒന്നിലേറെ തവണ നിക്ഷേപം നടത്താമെന്നുംആര്‍ബിഐ അറിയിച്ചിട്ടുണ്ട്. 50,000 രൂപയില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ ആവശ്യമെങ്കില്‍ പാന്‍കാര്‍ഡ് ഹാജരാക്കണമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്ക് ശാഖകളിലും ഡിപ്പോസിറ്റ് മെഷീനുകളിലും നിക്ഷേപിക്കാം.