Connect with us

Gulf

കേരളത്തില്‍ കൂടുതല്‍ നിക്ഷേപത്തിന് ദുബൈ ഹോള്‍ഡിംഗ് സന്നദ്ധം

Published

|

Last Updated

അല്‍ഖൂസില്‍ ഡള്‍സ്‌കോ ലേബര്‍ ക്യാമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൊഴിലാളികളെ അഭിസംബോധന ചെയ്യുന്നു. നളിനി നെറ്റോ, ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ സമീപം

ദുബൈ: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി യു എ ഇയിലെത്തിയ പിണറായി വിജയന് ഉജ്വല സ്വീകരണം. ഇന്നലെ രാവിലെ ഏഴോടെ പത്‌നി കമല, മകള്‍ വീണ, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരോടൊപ്പം എത്തിയ അദ്ദേഹത്തെ ദുബൈ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ മുരളീധരനും സുഹൃത്തുക്കളും സ്വീകരിച്ചു. പിന്നീട് ഹോട്ടലില്‍ എത്തിയ അദ്ദേഹത്തെ അറബ് പ്രമുഖര്‍ സന്ദര്‍ശിച്ചു. ഇവിടെവെച്ച് ദുബൈ ഹോള്‍ഡിംഗ് വൈസ് ചെയര്‍മാന്‍ അഹ്മദ് ബിന്‍ ബയാത്തുമായി മുഖ്യമന്ത്രി ചര്‍ച്ചനടത്തി. കൊച്ചി സ്മാര്‍ട്‌സിറ്റി വേഗം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ദുബൈ ഹോള്‍ഡിംഗിന് താല്‍പര്യമുണ്ടെന്ന് അഹ്മദ് ബിന്‍ ബയാത്ത് സൂചിപ്പിച്ചു. സ്മാര്‍ട്‌സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ്, സ്മാര്‍ട്‌സിറ്റി കൊച്ചി പ്രത്യേക്ഷ ക്ഷണിതാവ് എം എ യൂസുഫലി, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സ്മാര്‍ട്‌സിറ്റി കൊച്ചി എം ഡി ബാജുജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.

ഇന്നലെ വൈകിട്ട് അല്‍ ഖൂസിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. ഇന്ന് രാവിലെ പത്തിന് ദുബൈ ഹോള്‍ഡിംഗ് അധികൃതരുമായി വീണ്ടും ചര്‍ച്ചനടത്തും. വൈകിട്ട് നാലിന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ സന്ദര്‍ശിക്കും. ശൈഖ് സുല്‍ത്താനെ കോഴിക്കോട്ടേക്ക് ക്ഷണിക്കും. വൈകിട്ട് അഞ്ചിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും.

Latest