Connect with us

Ongoing News

ബി പി എല്‍ പട്ടികയില്‍ അനര്‍ഹരായ നേതാക്കളും; മന്ത്രിക്ക് അണികളുടെ പരാതി

Published

|

Last Updated

നീലേശ്വരം: സി പി എം ശക്തികേന്ദ്രമായ മടിക്കൈയില്‍ അനര്‍ഹരായ നേതാക്കളും സജീവ പ്രവര്‍ത്തകരും ഉള്‍പ്പെടെ 37 ഓളം പേര്‍ ബി പി എല്‍ പട്ടികയില്‍ കടന്നുകൂടിയതിനെ ചൊല്ലി പാര്‍ട്ടിയില്‍ വിവാദം. ഒരു വിഭാഗം സി പി എം പ്രവര്‍ത്തകര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തനും ജില്ലാ കളക്ടര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, മടിക്കൈ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്‍കി.

ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈയും ഉള്‍പ്പെടും. എന്നാല്‍ നവംബര്‍ മൂന്നിന് കരട്പട്ടിക വന്നപ്പോള്‍തന്നെ ബി പി എല്‍ പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നുവെന്ന് ശശീന്ദ്രന്‍ മടിക്കൈ പറഞ്ഞു. പിന്നീട് ഇതേകുറിച്ച് അന്വേഷിച്ചപ്പോള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി സപ്ലൈ ഓഫീസര്‍ അറിയിച്ചുവെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
മടിക്കൈ ഗ്രാമപഞ്ചായത്തിലെ 208ാം നമ്പര്‍ റേഷന്‍ കടയില്‍പ്പെട്ട പട്ടികയിലാണ് ദാരിദ്രരേഖക്ക് മുകളിലുള്ളവരും ബി പി എല്‍ പട്ടികയില്‍ കയറിക്കൂടിയിരിക്കുന്നത്. മടിക്കൈയിലെ പല റേഷന്‍ കടകളില്‍ പ്രസിദ്ധീകരിച്ച പട്ടികയിലും അനര്‍ഹര്‍ ഉള്‍പ്പെട്ടതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.
അനര്‍ഹരെ ഒഴിവാക്കിയും അര്‍ഹരെ ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയും പ്രശ്‌നം പരിഹരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. കോണ്‍ക്രീറ്റ് വീടും ഏക്കറിലധികം സ്ഥലവും വിദേശത്ത് ജോലിയും സര്‍ക്കാര്‍ ജോലിയും നേടിയവരും റിട്ട. ഉദ്യോഗസ്ഥരുമടക്കം പട്ടികയില്‍ ഇടംനേടിയിട്ടുണ്ടെന്നാണ് ആക്ഷേപം.

 

Latest