ഖത്വറില്‍ മൂന്ന് ബേങ്കുകള്‍ ലയിച്ച് വലിയ ഇസ്‌ലാമിക് ബേങ്ക് ആകുന്നു

Posted on: December 21, 2016 7:59 pm | Last updated: December 22, 2016 at 7:54 pm

ദോഹ: രാജ്യത്തെ മൂന്ന് പ്രധാന ബേങ്കുള്‍ ലയിച്ച് ഒന്നാകുന്നു. മസ്‌റാഫ് അല്‍ റയാന്‍, ബര്‍വ ബേങ്ക്, ഇന്റര്‍നാഷനല്‍ ബേങ്ക് ഓഫ് ഖത്വര്‍ എന്നി വയാണ് ലയനത്തിന് തയ്യാറെടുക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ലയന സാധ്യത സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. ബേങ്കുകളുടെ ലയനം രാജ്യത്തെ സാമ്പത്തികമേഖല ശക്തിപ്പെടുത്തുന്നതിനും വികസനത്തിന് ആക്കംകൂട്ടുന്നതിനും വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് ബേങ്കിംഗ് രംഗത്തെ വിദഗ്ധര്‍ വാര്‍ത്തയോടു പ്രതികരിക്കുന്നത്. മൂന്ന് വലിയ ബേങ്കുകളുടെ ലയനം കരുത്തേറിയ സാമ്പത്തികാവസ്ഥയും വലുതും ശക്തവുമായ സാമ്പത്തിക ഘടനയുടെ രൂപവത്കരണത്തിനും കാരണമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഖത്വര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുന്നതിനും വികസന പദ്ധതികളില്‍ പങ്കാളികളാകാനും ലയനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബേങ്കുകളുടെ ലയനം യാഥാര്‍ഥ്യമായാല്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബേങ്കാകും ഇത്. ഇസ്‌ലാമിക് ബാങ്കിംഗ് തത്വങ്ങള്‍ അനുസരിച്ചായിരിക്കും പുതിയ ബേങ്ക് പ്രവര്‍ത്തിക്കുക. അങ്ങനെ വരുമ്പോള്‍ ഖത്വറിലെ ഏറ്റവും വലുതും മിഡില്‍ ഈസ്റ്റിലെ മൂന്നാമത്തെതുമായ ഇസ്‌ലാമിക് ബേങ്കിനുമാണ് ലയനത്തിലൂടെ സാധ്യമാകുക. നിലവില്‍ വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ഖത്വറിലെ രണ്ടാമത്തെ വലിയ ബേങ്കാണ് മസ്‌റഫ് അല്‍ റയാന്‍. ബേങ്കിന്റെ സാമ്പത്തിക റിപ്പോര്‍ട്ടില്‍ സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ആസ്തിമൂല്യം 87 ബില്യന്‍ റിയാലാണ്.
16,000 കോടി റിയാലില്‍ കൂടുതല്‍ ആസ്തിയും 2,200 കോടി റിയാലില്‍ അധികം ഓഹരി മൂലധനവുമുള്ള ഇസ്‌ലാമിക് ബേങ്കിനാണ് രൂപം നല്‍കുന്നത്. ലയനത്തിന് ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക്, ഖത്വര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് അതോറിറ്റി, സാമ്പത്തിക വാണിജ്യ മന്ത്രാലയം, ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍, മൂന്ന് ബേങ്കുകളുടേയും ഓഹരി ഉടമകള്‍ എന്നിവയുടെ അനുമതി ആവശ്യമാണ്. ശരീഅത്ത് വ്യവസ്ഥകള്‍ക്ക് അനുസരിച്ചാകും ലയനത്തിലൂടെ രൂപം കൊളളുന്ന പുതിയ ബേങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുക. എല്ലാ ഓഹരി ഉടമകള്‍ക്കും ബേങ്കുകളുടെ ഉപഭോക്താക്കള്‍ക്കും ദേശീയ സമ്പദ് വ്യവസ്ഥക്കും ലയനം വലിയ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. റീട്ടെയില്‍, സ്വകാര്യ ബേങ്കിംഗ് കോര്‍പറേറ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള സേവനങ്ങള്‍, സുഖൂക് മൂലധന വിപണി, ധന ആസ്തി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും പ്രതീക്ഷിക്കുന്നു.