Connect with us

Editorial

വെനിസ്വേലന്‍ മാതൃക

Published

|

Last Updated

നോട്ട് നിരോധത്തില്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് മാതൃകയാകേണ്ടതാണ് വെനിസ്വേല. ഈ മാസം 12ന് പ്രഖ്യാപിച്ച 100 ബോളിവര്‍ കറന്‍സി അസാധുവാക്കല്‍ നടപടി ജനവികാരം മാനിച്ചു പ്രസിഡണ്ട് നിക്കോളോസ് മഡുറോ ഒരാഴ്ചക്കകം മരവിപ്പിക്കുയുണ്ടായി. കള്ളപ്പണക്കാരെ പ്രതിരോധിക്കാനെന്ന പേരിലായിരുന്നു രാജ്യത്തെ ഏറ്റവും വലിയ കറന്‍സിയായ 100 ബോളിവര്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. മാഫിയാ സംഘങ്ങള്‍ ഈ കറന്‍സികള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടു പോയി കൊളംബിയ നഗരത്തില്‍ ഒളിപ്പിച്ചു വെച്ചതായി വിവരം ലഭിച്ചസാഹചര്യത്തിലായിരുന്നുവത്രെ അസാധുവാക്കിയത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന വെനിസ്വേലന്‍ ജനതയെ ഇത് കൂടുതല്‍ ദുരിതത്തിലാക്കി. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങള്‍ ബേങ്കുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടിയത് തൊഴില്‍, വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചു. കടകള്‍ പലതും അടച്ചിടേണ്ട അവസ്ഥയുണ്ടായി. ഭക്ഷണം വാങ്ങാന്‍ പോലും ജനങ്ങളുടെ കൈയില്‍ പണമില്ലാതായി. തുടര്‍ന്ന് രാജ്യത്ത് പ്രക്ഷോഭം ആരംഭിക്കുകയും അത് കലാപത്തിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് പ്രസിഡണ്ട് നോട്ട് പിന്‍വലിച്ച നടപടി ജനുവരി രണ്ട് വരെ സര്‍ക്കാര്‍ മരവിപ്പിച്ചത്.
കള്ളപ്പണക്കാരെ പിടികൂടാനെന്ന പേരില്‍ നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ട് നിരോധത്തിന്റെ പ്രത്യാഘാതവും വെനിസ്വേലിയയില്‍ സംഭവിച്ചതിന് സമാനമാണ്. ആദ്യമേ തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതം പൊടുന്നനെയുള്ള നോട്ട് നിരോധത്തോടെ കൂടുതല്‍ ദുരിതപൂര്‍ണമായി. രാജ്യത്ത് മുമ്പും നോട്ട് പിന്‍വലിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഒരു നിശ്ചിത അവധി വെച്ചു നിലവിലുള്ള നോട്ടുകള്‍ പ്രയാസമന്യെ മാറ്റിയെടുക്കാന്‍ സാവകാശം നല്‍കിയായിരുന്നു. മോദിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള ഒരു യുദ്ധവിളംബരത്തിന്റെ മട്ടിലായിപ്പോയി. അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തം പൗരന്മാര്‍ക്ക് ഭക്ഷണത്തിനും ചികിത്സക്കും മറ്റു അത്യാവശ്യ കാര്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം അടിച്ചേല്‍പ്പിച്ച ഈ നടപടി ജനങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താനെന്ന പേരില്‍ നടപ്പാക്കിയ പരിഷ്‌കാരം സമ്പദ് വ്യവസ്ഥക്ക് ഗുരുതരമായ ക്ഷതമേല്‍പിക്കുകയാണുണ്ടായത്. വരുംവര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച ഒരു ശതമാനം കുറയുമെന്നും നാല് ലക്ഷം തൊഴില്‍ നഷ്ടമുണ്ടാവുമെന്നാണ് നോട്ട് അസാധുവാക്കലിന്റെ വരുംവരായ്കകള്‍ വിലയിരുത്തിയ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
കള്ളപ്പണം തടയാനുള്ള ശ്രമത്തില്‍ ജനങ്ങള്‍ കുറച്ചൊക്കെ ത്യാഗം സഹിക്കമെന്നാണ് നോട്ട് നിരോധം സൃഷ്ടിച്ച ദുരിതം ചൂണ്ടിക്കാട്ടുമ്പോള്‍ മോദി ആവശ്യപ്പെടുന്നത്. ശത്രുരാഷ്ട്രവുമായുള്ള യുദ്ധഘട്ടത്തിലോ രാജ്യത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുമ്പോഴോ ഇത്തരമൊരു അഭ്യര്‍ഥന മനസ്സിലാക്കാം. എന്നാല്‍ സര്‍ക്കാറിന്റെ നയവൈകല്യത്തിന്റെയും പിടിപ്പുകേടിന്റെയും പ്രത്യാഘാതങ്ങളും ദുരിതങ്ങളും ജനം എന്തിന് സഹിക്കണം? വെനിസ്വേലന്‍ ഭരണകൂടം ചെയ്തത് പോലെ നോട്ട് നിരോധിച്ച രീതിയില്‍ പാളിച്ച സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്തുകയാണ് ജനവികാരം മാനിക്കുന്നുവെങ്കില്‍ ഭരണകൂടം ചെയ്യേണ്ടത്. ഇത് നടപ്പാക്കിയതില്‍ പാളിച്ച സംഭവിച്ചുവെന്നും നിരോധത്തിന് മുമ്പ് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നുവെന്നും ബി ജെ പി വൃത്തങ്ങള്‍ സമ്മതിക്കുന്നുണ്ട്. അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം മാറ്റി നല്‍കാനാവശ്യമായ പുതിയ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയായ ശേഷം വേണമായിരുന്നു പ്രഖ്യാപനം. അത് പൂര്‍ത്തിയാകുന്നത് വരെ നടപടി മരവിപ്പിച്ചു പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നെങ്കില്‍ ജനങ്ങള്‍ ദുരിതക്കയത്തില്‍ അകപ്പെടുമായിരുന്നില്ല. അത്തരമൊരു വിവേകപരമായ നിലപാടിന് പകരം ഓരോ ദിവസം പിന്നിടുന്തോറും നോട്ട് മാറ്റിയെടുക്കാനാവശ്യമായ സമയം അടിക്കടി വെട്ടിച്ചുരുക്കുന്നത് ഉള്‍പ്പെടെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുകയാണ് ബി ജെ പി സര്‍ക്കാര്‍.
ഭരണകര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണമില്ലായ്മയുടെയും ശരിയായ ആസൂത്രണ രാഹിത്യത്തിന്റെയും ഫലമാണ് ഇന്ത്യയിലെ നോട്ട് നിരോധത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍. പാര്‍ലിമെന്റ് മുമ്പാകെ പ്രശ്‌നം അവതരിപ്പിച്ചു ഗഹനമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നടപ്പാക്കിയിരുന്നതെങ്കില്‍ പാളിച്ചകള്‍ ഏറെയും ഒഴിവാക്കാമായിരുന്നതാണ്. ഇന്ത്യക്കും വെനിസ്വേലക്കും പിന്നാലെ പാകിസ്ഥാനും ഉയര്‍ന്ന മൂല്യമുള്ള നോട്ട് നിരോധിക്കാനുള്ള ഒരുക്കത്തിലാണ്. അത് പക്ഷേ ജനപ്രതിനിധി സഭയെ അറിയിക്കാതെ രഹസ്യമായി തീരുമാനിച്ചു പൊടുന്നനെ പ്രഖ്യാപിക്കുകയല്ല; സെനറ്റില്‍ അവതരിപ്പിച്ചു അംഗീകാരം നേടിയ ശേഷമാണ് നടപ്പാക്കുന്നത്. 5,000 രൂപയുടെ നോട്ടുകളാണ് അവിടെ നിരോധിക്കുന്നത്.
ഇതുസംബന്ധിച്ചു പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സെനറ്ററായ ഉസ്മാന്‍ സെയ്ഫുല്ല അവതരിപ്പിച്ച പ്രമേയം പാകിസ്ഥാന്‍ സെനറ്റ് ചൊവ്വാഴ്ച അംഗീകരിക്കുകയുണ്ടായി. ജനപ്രതിനിധികളെ വിശ്വാസത്തിലെടുത്തും ജനതയെ മാനിച്ചുമുള്ള നയപരിപാടികളാണ് ജനാധിപത്യ സര്‍ക്കാറുകളില്‍ നിന്നുണ്ടാകേണ്ടത്.

Latest