വീട് കോടതി മുറിയാക്കിയ കൂറ്റനാടിന്റെ ന്യായാധിപന്‍

Posted on: December 20, 2016 2:52 pm | Last updated: December 20, 2016 at 2:52 pm

കൂറ്റനാട്: വീട് കോടതി മുറിയാക്കിയ കൂറ്റനാടിന്റെ ന്യായാധിപന്‍ വിടവാങ്ങി. തനിക്ക് മുന്നില്‍ എത്തുന്ന ഏത് സങ്കീര്‍ണമായ വിഷയത്തെയും തന്മയത്വത്തോടെ കൈകാര്യം ചെയ്തു തീര്‍പ്പു കല്‍പ്പിക്കുന്നതില്‍ നൈപുണ്യം ഉള്ള ആളായിരുന്നു ഇന്നലെ നിര്യാതനായ ഞാലില്‍ ബാവ. യൗവന കാലത്തെ കാര്‍ക്കശ്യവും കൈയൂക്കും കൈമുതലായി കൊണ്ട് നടന്നതിനാല്‍ മിന്നല്‍ എന്ന അപര നാമത്തില്‍ ആയിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

അതുകൊണ്ട് തന്നെ ബാവക്ക ഏറ്റെടുക്കുകയും ഇടപെടുകയും മധ്യസ്ഥ വഹിക്കുകയുംചെയ്യുന്ന വിഷയങ്ങളില്‍ ആരെങ്കിലും ന്യായക്കേട് കാണിക്കുകയോ വാക്കു പാലിക്കാതിരിക്കുകയോ ചെയ്യുമായിരുന്നില്ല.അതിനു ധൈര്യപ്പെടുമായിരുന്നില്ല എന്നതായിരുന്നു സത്യം.ബാവ ഇടപെട്ടാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകും എന്ന ഒരു ഉത്തമ വിശ്വാസം ജനങ്ങള്‍ക്ക് ഉണ്ടായത് കൊണ്ടാകാം കൂറ്റനാടുംപരിസര ഗ്രാമങ്ങളിലും ഉള്ള ആളുകള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബാവക്കയെ തേടിയെത്തിയിരുന്നത് .അത് അതിരു തര്‍ക്കമാണെങ്കിലും കുടുംബ കലഹമാണെങ്കിലും സ്വത്തു തര്‍ക്കമാണെങ്കിലും അടിപിടിയാണെങ്കിലും വിവാഹ മോചനമാണെങ്കിലുംപണമിടപാട് കേസുകള്‍ ആണെങ്കിലും തന്റേതായ ഒരു ശൈലിയില്‍ അതിനെ സമീപിച്ചു വാദിയെയും പ്രതിയെയും ഒരു പോലെ കയ്യിലെടുത്തു കൊണ്ട് വിധി പറഞ്ഞു സന്തോഷത്തോടെ മടക്കി വിടുന്ന കാഴ്ചയാണ്. യൗവന കാലത്തെ ബാവക്കയുടെ സഹയാത്രികനായ ബുള്ളറ്റിന്റെ ശബ്ദം കൂറ്റനാട് പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചിരുന്നു .കൂറ്റനാടിന്റെ ചരിത്രം പറയുമ്പോള്‍ വരുന്ന തലമുറക്ക് പകര്‍ന്നു നല്‍കാന്‍ ഒരു ജീവ ചരിത്രം രചിച്ചു കൊണ്ടാണ് ബാവക്കയുടെ മടക്കയാത്ര.
മരണത്തിനപ്പുറവും മരിക്കാത്ത ഓര്‍മകളായി മറ്റുള്ളവരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന തരത്തിലുള്ള ജീവിതം നയിച്ച് കൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത.്