ബാത്ത്‌റൂം ലോഷന്‍ മദ്യമാക്കി; റഷ്യയില്‍ 41 മരണം

Posted on: December 20, 2016 12:50 am | Last updated: December 20, 2016 at 12:04 am

മോസ്‌കോ: റഷ്യയില്‍ ബാത്ത്‌റൂമില്‍ ഉപയോഗിക്കുന്ന ലോഷന്‍ അടങ്ങിയ വ്യാജമദ്യം കഴിച്ച് 41 പേര്‍ മരിച്ചു. സൈബീരിയന്‍ നഗരമായ ഇര്‍കുത്സിലാണ് സംഭവം. മദ്യത്തിന്റെ കുപ്പിയില്‍ നിറച്ച ലോഷന്‍ കുടിച്ചതാണ് അപകട കാരണമെന്ന് റഷ്യന്‍ അന്വേഷണ സംഘം പറഞ്ഞു. മദ്യം കഴിച്ച 16 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. മദ്യം വിതരണം ചെയ്ത കടയില്‍ നിന്ന് ബോട്ടിലുകള്‍ പോലീസ് നീക്കം ചെയ്തിട്ടുണ്ട്. കുപ്പിക്ക് പുറത്ത് ഇത് കഴിക്കാന്‍ പറ്റുന്നതല്ല എന്ന മുന്നറിയിപ്പുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മെഥനോള്‍, ടോക്‌സിന്‍ എന്നിവ ലോഷനില്‍ അടങ്ങിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇര്‍കുത്സില്‍ സംസ്ഥാന അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തികായി പിന്നാക്കം നില്‍ക്കുന്ന 35നും 50നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവര്‍ ഒരുമിച്ചല്ല മദ്യം കഴിച്ചത്. വീട്ടാവശ്യങ്ങള്‍ക്കായുള്ള വസ്തുക്കള്‍ മദ്യത്തിന് പകരമായി ഇവിടെയുള്ളവര്‍ ഉപയോഗിച്ചു വരാറുണ്ട്. ഇത്തരം വ്യാജമദ്യ അപകടങ്ങള്‍ പ്രദേശത്ത് കൂടുതലാണെങ്കിലും ഇത്രയധികം പേര്‍ മരിക്കുന്നത് ഈ വര്‍ഷം ആദ്യമാണ്.