എച്ച് ഐ വി രോഗവിവരം പരസ്യമാക്കിയ സംഭവം; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: December 20, 2016 6:22 am | Last updated: December 19, 2016 at 11:25 pm

തിരുവനന്തപുരം: എച്ച് ഐ വി അണുബാധിതയായ ജീവനക്കാരിയുടെ രോഗവിവരങ്ങള്‍ അടങ്ങിയ രഹസ്യ ഫയല്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് പരസ്യമായ സംഭവത്തില്‍ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
വിവരങ്ങള്‍ ചോര്‍ന്ന സമയത്ത് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഡെപ്യൂട്ടി ഡയറക്ടര്‍ (ഫിനാന്‍സ്) എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസിന്റെ ഉത്തരവ്.
പരാതിക്കാരി ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. അവരുടെ ഭര്‍ത്താവ് എച്ച് ഐ വി അണുബാധ കാരണം മരിച്ചു. രണ്ട് പെണ്‍കുട്ടികളുണ്ട്. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ മാര്‍ഗനിര്‍ദേശ പ്രകാരം എച്ച് ഐ വി അണുബാധിതരായ ജീവനക്കാരുടെ വ്യക്തി വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ പരാതിക്കാരിയുടെ ജോലി സംബന്ധമായി സര്‍ക്കാറിലേക്ക് പോയ ഒരു കത്തില്‍ രോഗവിവരങ്ങള്‍ പരസ്യമാക്കിയിരുന്നു. പ്രസ്തുത കത്ത് ഓഫീസിലെ ഒരു ജീവനക്കാരന് ലഭിക്കുകയും അയാള്‍ അത് പരസ്യമാക്കുകയും ചെയ്തു. രോഗവിവരം അറിഞ്ഞതോടെ പരാതിക്കാരിയെ സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്താന്‍ തുടങ്ങി.

ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് കമ്മീഷന്‍ വിശദീകരണം വാങ്ങിയിരുന്നു. ഓഫീസിലെ ഭരണ വിഭാഗത്തിന്റെ ശ്രദ്ധക്കുറവ് കാരണമാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്ന് വിശദീകരണത്തില്‍ പറയുന്നു. പരാതിക്കാരി സ്വന്തം വീട്ടില്‍ പോലും വെളിപ്പെടുത്താത്ത രോഗവിവരം ഉദേ്യാഗസ്ഥരുടെ സൂക്ഷ്മതക്കുറവ് കാരണം പരസ്യമായത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അവഗണനയും ഗുരുതരമായ കൃത്യവിലോപവുമാണെന്നും കമ്മീഷന്‍കണ്ടെത്തി. ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ തക്കതായ ശിക്ഷക്ക് അര്‍ഹരാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. സംഭവ സമയത്ത് സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനും ഫിനാന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കുമെതിരെ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടികളുടെ വിവരങ്ങള്‍ എത്രയും വേഗം കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസ് ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.