സംരംഭങ്ങള്‍ക്കായി ഭൂമി പാട്ടത്തിന്; ദോഹയില്‍ രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍

Posted on: December 19, 2016 9:53 pm | Last updated: December 19, 2016 at 9:53 pm
മനാതിഖ് വെബ് സൈറ്റിന്റെ ഹോം പേജ്

ദോഹ: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ലൊജിസ്റ്റിക് മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സൗത്ത് വക്‌റ, ബിര്‍കാത്ത് അല്‍ അവാമിര്‍, അബ സാലില്‍ എന്നിവിടങ്ങളിലാണ് തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുകയെന്ന് വാണിജ്യ, സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നടക്കുന്ന വ്യവാസയ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. വിവിധ വ്യാവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് വിതരണം ചെയ്യാന്‍ 119 സ്ഥലങ്ങള്‍ മൂന്നു പ്രദേശങ്ങളിലുമായി തയാറാക്കിയതായി മന്ത്രാലയം അറിയിച്ചു. വ്യവാസിക ആവശ്യത്തിനുള്ള സ്ഥലം ചതുരശ്ര മീറ്ററിന് പ്രതിമാസം 8.33 റിയാലിനാണ് വാടകക്കു നല്‍കുക. ഓരോ മൂന്നു വര്‍ഷവും ശരാശരി അഞ്ചു ശതമാനം വീതം വാടക ഉയരും. പാട്ടക്കാലാവധി 30 വര്‍ഷത്തേക്ക് നീട്ടി നല്‍കുമെന്ന വാഗ്ദാനവും മന്ത്രായം കമ്പനികള്‍ക്കു നല്‍കുന്നു.

ഒരു വര്‍ഷത്തിനു ശേഷം ഓരോ ആറു മാസത്തിലുമാണ് വാടക അടയ്‌ക്കേണ്ടത്. ഹമദ് പോര്‍ട്ടിനു സമീപം ഓര്‍ബിറ്റാല്‍ റോഡിനോടു ചേര്‍ന്നാണ് സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നത്. സ്വകാര്യ സംഭരംഭകര്‍ക്ക് ഷോപ്പുകള്‍, ഷോ റൂമുകള്‍, ക്ലിനിക്ക്, ബേങ്കുകള്‍, റസ്റ്റോറന്റ്, പാര്‍കിംഗ് ഏരിയ തുടങ്ങി
യ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനായാണ് സ്ഥലം അനുവദിക്കുന്നത്. മന്ത്രാലയത്തിനു കീഴിലുള്ള ടെക്‌നിക്കല്‍ കമ്മിറ്റിയാണ് സ്ഥലം അനുവദിക്കുന്ന പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. ഭൂമിയുടെ വിതരണം ഉടന്‍ ആരംഭിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനവും നിര്‍മാണ പ്രവര്‍ത്തനങ്ങളും വൈകാതെ പൂര്‍ത്തിയാക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.

ഒന്നാംഘട്ടത്തില്‍ വിതരണം ചെയ്യുന്ന ഭൂമിക്കായുള്ള അപേക്ഷകള്‍ മന്ത്രാലയത്തിനു ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ രേഖകളും തുടങ്ങാനുദ്ദേശിക്കുന്ന സംരംഭം സംബന്ധിച്ചുള്ള വിവരങ്ങളും സഹിതമാണ് ഭൂമിക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംരംഭകരുടെ ഐ ഡി പകര്‍പ്പ്, ബേങ്ക് ഗ്യാരന്റി ചെക്ക് എന്നിവയും നല്‍കണം. സ്വീകരിക്കുന്ന ഭൂമിയുടെ വലുപ്പം അനുസരിച്ചാണ് ചെക്ക് സമര്‍പ്പിക്കേണ്ടത്.

മനാതിഖിന്റെ വെബ് സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഭൂമിയുടെ അളവും തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതി ഏതു വിഭാഗത്തില്‍ എന്നും രേഖപ്പെടുത്തി വേണം അപേക്ഷിക്കാന്‍., ഡോക്യുമെന്റുകളും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ഫെബ്രുവരി രണ്ട് പകല്‍ രണ്ടു വരെയാണ് ഒന്നാംഘട്ടത്തിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന സമയം.

അപേക്ഷകള്‍ ടെക്‌നിക്കല്‍ കമ്മിറ്റി സൂക്ഷ്മ പരിശോധനക്കു വിധേയമാക്കിയ ശേഷമാണ് തീരുമാനമെടുക്കുക. പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച് നിക്ഷേപകരുടെ യോഗ്യതയും പരിശോധിക്കും. തീരുമാനമായാല്‍ അപേക്ഷകരെ അറിയിക്കും. പാട്ടത്തിനു നല്‍കാനായി തയാറാക്കിയ ഭൂമിയേക്കാള്‍ കൂടുതല്‍ അപേക്ഷകര്‍ രംഗത്തു വന്നാല്‍ പരസ്യമായ നറുക്കെടുപ്പിലൂടെയാണ് അര്‍ഹരെ കണ്ടെത്തുക. വെയിറ്റിംഗ് ലിസ്റ്റും പ്രസിദ്ധപ്പെടുത്തും. അര്‍ഹത നേടുന്ന കമ്പനികള്‍ ബേങ്ക് ഗ്യാരന്റി സഹിതം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പാട്ടക്കരാര്‍ ഒപ്പു വെക്കണം.