ബംഗാളില്‍ വിപുലമായ നബിദിന പരിപാടികളുമായി മര്‍കസ്

Posted on: December 19, 2016 9:00 am | Last updated: December 19, 2016 at 9:00 am
SHARE

കൊല്‍ക്കത്ത: ഇന്ത്യയിലെ മുസ്ലിം പൈതൃകത്തിന്റെ പെരുമയുള്ള ബംഗാള്‍ ഇന്ന് മറ്റൊരു ഉണര്‍വിന്റെ പാതയിലാണ്.ബംഗാളിലെ മര്‍കസ് സ്ഥാപനമായ ത്വയ്ബ ഗാര്‍ഡന്‍ മര്‍കസ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ് അറിവിന്റെയും ആധ്യാത്മികതയുടെയും പുതിയ ലോകത്തേക്ക് ആയിരക്കണക്കിന് ബംഗാള്‍ വാസികള്‍ക്ക് വെളിച്ചമേകുന്നത്. മര്‍കസ് പൂര്‍വ വിദ്യാര്‍ത്ഥിയായ സുഹൈറുദ്ധീന്‍ നൂറാനിയുടെ നേതൃത്വത്തിലാണ് ഒരു പതിറ്റാണ്ടോളമായി ബംഗാള്‍ മുസ്ലിംകളെ വികസനത്തിലേക്ക് കൊണ്ടുവരുന്ന ഉദ്യമങ്ങള്‍ നടന്നുവരുന്നത്.
റബീഉല്‍ അവ്വലിനോടനുബന്ധിച്ചു ഈ വര്‍ഷം ത്വയ്ബ ഗാര്‍ഡനു കീഴില്‍ അനേകം പ്രവാചക സ്‌നേഹ പരിപാടികകളാണ് ആവിഷ്‌കരിക്കപ്പെട്ടത് . റബീഉല്‍ അവ്വല്‍ ഒന്നിന് സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ പ്രവാചക ജന്മ മാസത്തിനു സ്വാഗതമോതി റാലി നടത്തി. തുടര്‍ന്ന് വിദ്യാര്‍ഥി യൂനിയന് കീഴില്‍ നഗരത്തില്‍ പ്രഭാഷണം നടന്നു.
നബിദിന പരിപാടികളുടെ ഭാഗമായി ബംഗാളില്‍ രൂപപ്പെടുത്തിയ മറ്റൊരു പദ്ധതിയാണ് ഗ്രാമപ്രഭാഷണങ്ങളും മൗലിദ് സദസ്സുകളും. മുസ്‌ലിംകള്‍ കൂടുതല്‍ സജീവമായ മുപ്പത് ഗ്രാമങ്ങളില്‍ നബി സന്ദേശ പ്രഭാഷണങ്ങളും മൗലിദ് സദസ്സും സംഘടിപ്പിച്ചു.
സ്ഥാപനത്തില്‍ എല്ലാദിവസവും മൗലിദ് സദസ്സും ത്വയ്ബ മോറല്‍ അക്കാദമി വിദ്യാര്‍ഥികള്‍ക്കായി വ്യത്യസ്ത കലാപരിപാടികളും നടന്നു.
സ്ത്രീകള്‍ക്കിടയില്‍ പ്രവാചക സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭാഗമായി ത്വയ്ബ ഗാര്‍ഡന്‍ വിമന്‍സ് കോളേജിന്റെ കീഴില്‍ വ്യത്യസ്ത പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രവാചകര്‍ : അതുല്യ കുടുംബ നായകന്‍ എന്ന ശീര്‍ഷകത്തില്‍ വിമന്‍സ് കോളേജില്‍ നടന്ന പഠന ക്ലാസിനും ഗ്രാന്‍ഡ് മീലാദ് മൗലിദ് സദസ്സിനും ആയിരത്തോളം സ്ത്രീകള്‍ പങ്കെടുത്തു. വിമന്‍സ് കോളേജിലെ പെണ്‍കുട്ടികളാണ് ഇതിനു നേതൃത്വം നല്‍കിയത്.
റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് ആയിരങ്ങള്‍ സംബന്ധിപ്പിച്ചു മാജുഖണ്ഡ ടൗണില്‍ കാല്‍നട റാലിയും സമീപ നഗരങ്ങളെ ബന്ധിപ്പിച്ചു വാഹനറാലിയും നടന്നു. റാലിക്ക് പശ്ചിമ ബംഗാള്‍ വികസനകാര്യ മന്ത്രി ബച്ചു ഹംദ അദ്ദേഹത്തിന്റെ വസതിയില്‍ സ്വീകരണം നല്‍കി.റാലിക്ക് ശേഷം ത്വയ്ബ ഗാര്‍ഡന്‍ ഓര്‍ഫനേജില്‍ രണ്ടായിരത്തഞ്ഞൂറ് പേര്‍ക്ക് അന്നദാനം നടത്തി.തുടര്‍ന്ന് ജനപ്രതിനിധികളും നിയമപാലകരും പങ്കെടുത്ത നബിദിന സെമിനാര്‍ നടന്നു. ഉത്തര്‍ധനാജ് പൂറിലെ ത്വയ്ബ ഗാര്‍ഡന്‍ ശരീഅത്ത് കോളേജിന്റെ കീഴിലും ആയിരങ്ങളെ പങ്കെടുപ്പിച്ചു മീലാദ് റാലി നടത്തി. മര്‍കസിന്റെ കൊല്‍ക്കത്ത ഓഫീസില്‍ നടന്നുവരുന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെയും രക്ഷിതാകകളെയും പങ്കെടുപ്പിച്ചു കൊല്‍ക്കത്ത നഗരത്തിലും പന്ത്രണ്ടിന് ഘോഷ യാത്ര നടന്നു. റബീഉല്‍ അവ്വല്‍ പതിമൂന്നിന് ത്വയ്ബ ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികള്‍ ഇറക്കിയ ഹൊറിസോണ്‍ പ്രിന്റ് മാഗസിന് പ്രകാശനം നടന്നു.
സുഹൈര്‍ നൂറാനിക്ക് പുറമെ ശരീഫ് നൂറാനി പേരാമ്പ്ര, ഇബ്രാഹീം സഖാഫി കിനാശ്ശേരി, മുഹമ്മദലി സഖാഫി തിരൂരങ്ങാടി തുടങ്ങിയവരാണ് ബംഗാളിലെ മര്‍കസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here