കുട്ടനാടിന്റെ വിസ്മയം വിസ്മൃതിയിലേക്കോ?

Posted on: December 19, 2016 8:53 am | Last updated: December 19, 2016 at 8:53 am

കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ കൃഷിരീതി ലോകത്തിന് തന്നെ അദ്ഭുതമാണ്. എന്നാല്‍ ചുറ്റും ജലാശയങ്ങള്‍ തിങ്ങിനിറഞ്ഞ കുട്ടനാട്ടിലെ ജനങ്ങള്‍ കുടിനീരിനായി നെട്ടോട്ടമോടുന്നത് വരള്‍ച്ചയുടെ കാലത്ത് മാത്രമല്ല. വരള്‍ച്ച വരുമ്പോള്‍ മാത്രമാണ് അല്‍പമെങ്കിലും ശുദ്ധ ജലം കുട്ടനാട്ടുകാര്‍ക്ക് ലഭിക്കുകയെന്നതാണ് യാഥാര്‍ഥ്യം. കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കൈനകരി ഗ്രാമത്തില്‍ കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ആരോഗ്യ മേഖലയില്‍ നിന്നുള്ള നിരവധി ഗവേഷണ സംഘങ്ങള്‍ കൈനകരിയിലെത്തി പല തവണ പഠനം നടത്തിയെങ്കിലും ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ശുദ്ധജലത്തിന്റെ അഭാവം തന്നെയാണ് പ്രധാന വില്ലനെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയെങ്കിലും ഇതിന് പരിഹാരം കാണാന്‍ തദ്ദേശസ്ഥാപനങ്ങള്‍ പോലും തയ്യാറാകുന്നില്ല. ഇത് കൈനകരിയുടെ മാത്രം കഥയല്ല. ജലാശയങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ കുട്ടനാടിന്റെ മുഴുവന്‍ സ്ഥിതി ഏറെക്കുറെ ഇത് തന്നെ.
തെന്നിന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍തടമായ വേമ്പനാട് കായലടക്കം കുട്ടനാടുമായി ബന്ധപ്പെട്ട ജലാശയങ്ങളെല്ലാം ഏറെക്കുറെ പൂര്‍ണമായി മലിനമായി കഴിഞ്ഞു. നാല് വര്‍ഷം മമ്പ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘എ ട്രീ’ വിവിധ ഘട്ടങ്ങളിലായി നടത്തിയ പഠനത്തില്‍ വേമ്പനാട് കായലിലെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 200 മുതല്‍ 470 മില്ലിഗ്രാം വരെ മാലിന്യം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഹൗസ് ബോട്ടുകള്‍ വേമ്പനാട് കായലിനെ കൊല ചെയ്യുകയാണെന്ന് ജില്ലാ പഞ്ചായത്ത് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 11 ദശലക്ഷം ക്യുബിക് മീറ്റര്‍ നദീജലം വേമ്പനാട് കായല്‍ മുഖേന പ്രതിവര്‍ഷം കടലിലേക്ക് ഒഴുകിപോകുന്നുണ്ടെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം 5825 ടണ്‍ മത്സ്യം ഉത്പാദിപ്പിക്കപ്പെടുന്ന ഇവിടെ, 30 ശതമാനത്തോളം കൊഞ്ചാണ് വിളയുന്നത്. 150 ഇനം മത്സ്യങ്ങള്‍ ഇവിടെ ഉത്പാദിപ്പിക്കപ്പെട്ടിരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് ഇവയിലധികവും അപ്രത്യക്ഷമാണ്. വെള്ളക്കക്കയുടെ സങ്കേതമായ കായലില്‍ നിന്ന് എഴുപതുകളില്‍ 1,01,312 ടണ്‍ വരെ കക്ക ശേഖരിച്ചിരുന്നു. കരിമീന്‍, കൊഞ്ച്, വരാല്‍ തുടങ്ങിയ കായല്‍ മത്സ്യങ്ങള്‍ക്ക് വന്‍ ഡിമാന്റുണ്ടെങ്കിലും ഇവയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. കിട്ടുന്നവയാകട്ടെ, മാലിന്യങ്ങള്‍ ഭക്ഷിച്ച് വളര്‍ന്ന് വിഷാംശമുള്ളവയും. കായലിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന കക്കകള്‍ പോലും വിഷാംശം നിറഞ്ഞതാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍, മൂവാറ്റുപുഴ നദികള്‍ അവസാനിക്കുന്നത് വേമ്പനാട് കായലിലാണ്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 3300 മില്ലിമീറ്റര്‍ വരെ മഴവെള്ളം കായലിലെത്തിച്ചേരുന്നു.
ആഴമേറിയ കായലുകളിലെ വെള്ളം വറ്റിച്ച് അവിടെ കൃഷി ചെയ്യുന്ന രീതിയാണ് കുട്ടനാട്ടുള്ളത്. ഈ കൃഷി സംവിധാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കായല്‍ കൃഷിയെ കുറിച്ച ഗവേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സ്ഥാപനം തന്നെ ഇവിടെ ആരംഭിച്ചിട്ടുണ്ട്. കായല്‍ വറ്റിച്ച് വിത്ത് വിതച്ച് കഴിഞ്ഞാല്‍ ചെടിയുടെ വളര്‍ച്ചക്ക് ശുദ്ധജലം അനിവാര്യമാണ്. ഇത് പ്രധാനമായും നദികളില്‍ നിന്നും മറ്റു ജലാശയങ്ങളില്‍ നിന്നും കൂറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ചാണ് പാടശേഖരങ്ങളിലേക്ക് കയറ്റുന്നത്. ഉപ്പ് വെള്ളം കേറി കൃഷി നശിക്കാതിരിക്കാന്‍ അര നൂറ്റാണ്ട് മുമ്പ് തന്നെ തണ്ണീര്‍മുക്കത്ത് 1.5 കിലോമീറ്റര്‍ നീളത്തില്‍ ബണ്ട് നിര്‍മിച്ചു.1 976ലാണ് ബണ്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിന്റെ അശാസ്ത്രീയതയെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കുട്ടനാട്ടിലെ കൃഷിക്കും വിളവെടുപ്പിനും തണ്ണീര്‍മുക്കം ബണ്ട് ഒരു പ്രധാന ഘടകമാണ്. വേമ്പനാട് കായലിലെ ലവണാംശം ഗണ്യമായ തോതില്‍ വര്‍ധിക്കുന്നത് അപ്രതീക്ഷിതമായി കൃഷിക്ക് നാശം സൃഷ്ടിക്കുന്നു. ബണ്ട് നിര്‍മിച്ച കാലത്ത് തന്നെ, ഇതിന്റെ ഷട്ടറുകള്‍ തുറന്നിടുന്നതിനും അടക്കുന്നതിനുമുള്ള സമയക്രമം നിശ്ചയിച്ചിരുന്നു. എന്നാല്‍, പഴയ ടൈംടേബിള്‍ അനുസരിച്ച് തുറക്കുകയോ അടക്കുകയോ ചെയ്യന്നത് വ്യാപകമായ കൃഷിനാശത്തിന് ഇടവരുത്തുന്നു. ഉപ്പിന്റെ സാന്നിധ്യം അറിവായാലുടന്‍ കൃഷി സീസണില്‍ ബണ്ടിന്റെ ഷട്ടറുകള്‍ താഴ്ത്തുകയും കൊയ്ത്ത് കഴിയുന്നതോടെ ഉയര്‍ത്തുകയുമാണ് ചെയ്യുന്നത്.
ഓരോ വര്‍ഷവും പുതിയ പുതിയ കീടനാശിനികളും രാസവളങ്ങളുമാണ് വന്‍കിട കമ്പനികള്‍ കുട്ടനാട്ടിലെത്തിക്കുന്നത്. പാടശേഖര സമിതി നേതാക്കളെ സ്വാധീനിച്ച് വന്‍തോതില്‍ വളവും കീടനാശിനിയും വിറ്റഴിക്കപ്പെടുമ്പോള്‍ ഇതിന്റെ ദുരന്തം പേറേണ്ടി വരുന്നത് കുട്ടനാട്ടിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണ ജനങ്ങളും മിണ്ടാപ്രാണികളുമാണ്. വീര്യം കൂടിയ കളനാശിനികളെ പോലും പ്രതിരോധിച്ച് നെല്‍കൃഷി പാടേ നശിപ്പിക്കുന്ന വരിനെല്ല് കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പ്രത്യക്ഷമായി തുടങ്ങിയതോടെ വിളവ് ഗണ്യമായി കുറഞ്ഞത് സംസ്ഥാനത്തിന്റെ ഭക്ഷ്യഭദ്രതയെ തന്നെ തകര്‍ത്തിരിക്കുകയാണ്. ഇതിനും പുറമെ, അപ്രതീക്ഷിതമായ മഴ വന്‍ തോതില്‍ വിളവിന് നാശം വരുത്തുന്നു.
മഴക്കുറവ് മൂലം വറ്റിവരണ്ട പാടശേഖരങ്ങളില്‍ കൃഷിയിക്കാന്‍ പറ്റാത്ത സ്ഥിതിയും നെല്ലറയെ തളര്‍ത്തുന്നു. വിളവെടുപ്പിന് പാകമാകാറായ നെല്ല് ആവശ്യമായ വെള്ളം കിട്ടാതെ കീടബാധയാല്‍ രോഗങ്ങളുടെ പിടിയിലാകുന്നതും മുഞ്ഞയും വരിയും ബാധിച്ച് നശിക്കുന്നതും നിത്യസംഭവമായിരിക്കുന്നു. ഈ വര്‍ഷം ജില്ലയില്‍ 10,066 ഹെക്ടര്‍സ്ഥലത്താണ് കൃഷിയിറക്കിയത്. ഇതില്‍ 300 ഹെക്ടറിലെ കൃഷി പൂര്‍ണമായും ഉണങ്ങി നശിച്ചു. വെള്ളമില്ലാതെ കരിയുന്ന അപ്പര്‍കുട്ടനാടന്‍ പാടങ്ങളില്‍ ഇപ്പോള്‍ വീഴുന്നതു കര്‍ഷകന്റെ വേദനയുടെ കണ്ണീരാണ്. തരിശു പാടത്തെ ഹരിതാഭമാക്കി കൃഷിയിറക്കി വിജയം നേടിയ കര്‍ഷകര്‍ക്കു പോലും കൃഷിക്കായി നിലം ഒരുക്കുന്നതിനു ആവശ്യത്തിനു വെള്ളമില്ലാത്ത സ്ഥിതിയാണിപ്പോള്‍.