അയ്യപ്പന്റെ പേരിലും അയിത്തം; കലവറ നിറക്കല്‍ ഘോഷയാത്രയില്‍ നിന്ന് ആദിവാസികളെ പുറത്താക്കി

Posted on: December 19, 2016 8:43 am | Last updated: December 19, 2016 at 8:43 am

കാസര്‍കോട്: കാസര്‍കോട് ജില്ലയിലുള്ള ബന്തടുക്കയിലെ മാനടുക്കം അയ്യപ്പക്ഷേത്രത്തില്‍ ഉത്സവത്തിന്റെ കലവറ നിറക്കല്‍ ഘോഷയാത്രയില്‍നിന്ന് ആദിവാസികളെയും ദളിതരെയും അപമാനിച്ച് പുറത്താക്കി. മാനടുക്കം ശാസ്ത്രിനഗര്‍ കോളനിക്കാരുടെ കലവറ നിറക്കല്‍ ഘോഷയാത്രയില്‍ പങ്കെടുത്ത ശിങ്കാരിമേളം ടീമിനെയാണ് ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കിയത്. ഉന്നത ജാതിക്കാര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ വാദ്യം മുഴക്കാന്‍ അര്‍ഹതയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് ആദിവാസി-ദളിത് വിഭാഗത്തില്‍പ്പെട്ട യുവാക്കളെ, ചില ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ ആക്ഷേപിച്ച് പുറത്താക്കിയത്.
ശാസ്ത്രിനഗര്‍ കോളനിയില്‍നിന്ന് ഘോഷയാത്രക്കൊപ്പം ക്ഷേത്രം വരെയെത്തിയ ശിങ്കാരിമേളം ടീമിനെ ഉത്സവ കമ്മിറ്റിയിലുള്ളവരാണ് ക്ഷേത്രത്തിനകത്തേക്ക് ക്ഷണിച്ചത്. കമ്മിറ്റിയിലെ ചില അംഗങ്ങള്‍, ഇവര്‍ക്ക് ക്ഷേത്രത്തില്‍ കയറാന്‍ അര്‍ഹതയില്ലെന്ന് ആക്രോശിച്ചുകൊണ്ട് ബലമായി തടഞ്ഞു നിര്‍ത്തുകയായിരുന്നു. അതേസമയം ഘോഷയാത്രയായി കൊണ്ടുവന്ന അരിയും മാറ്റു സാധനങ്ങളും ക്ഷേത്രത്തിന്റെ കലവറയിലേക്ക് മാറ്റുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ബന്തടുക്ക സുബ്രഹ്മണ്യക്ഷേത്രത്തില്‍ അരങ്ങേറിയ ശിങ്കാരിമേളം ടീമാണ് ശാസ്ത്രി നഗറിലുള്ളത്. ദളിത് വിഭാഗക്കാരാണ് ഇതിലെ വാദ്യക്കാര്‍. ബന്തടുക്ക ക്ഷേത്രത്തില്‍ കൊട്ടാന്‍ തടസ്സമില്ലാത്ത തങ്ങളെ, ജാതിയുടെ പേരിലാണ് മാനടുക്ക അയ്യപ്പക്ഷേത്രത്തില്‍ തടഞ്ഞതെന്ന് ശാസ്ത്രിനഗര്‍ കോളനിക്കാര്‍ പറഞ്ഞു. ജാതിവിവേചനത്തിനെതിരെ കലക്ടര്‍ക്കും പട്ടികജാതി എസ് എം എസിനും പരാതി നല്‍കുമെന്ന് വേട്ടുവ മഹാസഭാ നേതാക്കള്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ ചില ക്ഷേത്രങ്ങളില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കും പ്രവേശനം നിഷേധിക്കുന്നതായി ഇതിനുമുമ്പും പരാതി ഉയര്‍ന്നിരുന്നു.
കാസര്‍കോട് പെരിയക്കടുത്ത കല്ല്യോട്ടെ യാദവ ക്ഷേത്രത്തില്‍ ദളിത് പെണ്‍കുട്ടി ദര്‍ശനത്തിനെത്തിയതിന്റെ പേരില്‍ ഈ ക്ഷേത്രത്തില്‍ ശൂദ്ധികലശം നടത്തിയത് വിവാദത്തിനിടയാക്കിയിരുന്നു. ദളിതരെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ദളിത് മഹാസഭ കല്ല്യോട്ടെ ക്ഷേത്രത്തില്‍ സത്യഗ്രവും നടത്തിയിരുന്നു. കാസര്‍കോട്ടെ പരപ്പയില്‍ ഒരു ക്ഷേത്രത്തിന്റെ കലവറ നിറക്കല്‍ ഘോഷയാത്രയില്‍ നിന്ന് ദളിതരെ അകറ്റിനിര്‍ത്തിയതിന്റെ പേരിലും പ്രതിഷേധമുയര്‍ന്നിരുന്നു. ഈ ഭാഗത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിക്കാനിറങ്ങിയ ചില രാഷ്ട്രീയ നേതാക്കള്‍ ആദിവാസികളുടെ കുടിലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതും വിവാദത്തിനിടയാക്കിയിരുന്നു.