Connect with us

National

ഡോ. അബ്ദുയമാനി അന്താരാഷ്ട്ര പുരസ്‌കാരം കാന്തപുരത്തിന് സമ്മാനിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ശരീഅത്ത് കൗണ്‍സിലും, ഡോ. അബ്ദുയമാനി അന്താരാഷ്ട്ര പുരസ്‌കാര വിതരണവും, യുവ പണ്ഡിത സംഗമമവും ഇന്ന് നടക്കും. ഡല്‍ഹി ലോധി റോഡിലെ ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ചറല്‍ സെന്ററില്‍ നടക്കുന്ന ശരീഅത്ത് കൗണ്‍സിലില്‍ ഏക സിവില്‍ കോഡ്, മുത്വലാഖ് , ന്യൂനപക്ഷ വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന കൗണ്‍സില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

ഡല്‍ഹി ഫത്തേഹ് പുരി മജ്‌സിദ് ശാഹി ഇമാം ഡോ. മുഫ്തി മുഹമ്മദ് മുകര്‍റം അധ്യക്ഷത വഹിക്കും. ഡോ. ശമീമുദ്ദീന്‍ മുഈനി ബീഹാര്‍, ഡോ. ശര്‍റാര്‍ മിസ്ബാഹി യു പി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി കേരള, സാലിക് അഹ്മദ് ദഹ്‌ലവി, ഡോ. അബ്ദുല്‍ ഖാദിര്‍ ഹബീബി പഞ്ചാബ്, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, അമീന്‍ ഹസന്‍ സഖാഫി സംസാരിക്കും. ഇതിന് പുറമെ ആള്‍ ഇന്ത്യാ ഉലമാ മശായിഖ് ബോര്‍ഡ്, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് , ആള്‍ ഇന്ത്യാ ഇസ്‌ലാമിക് എജ്യുക്കേഷനല്‍ ബോര്‍ഡ്, ആള്‍ ഇന്ത്യാ സുന്നി ഉലമാ കൗണ്‍സില്‍, ആള്‍ ഇന്ത്യാ മസ്ജിദ് ഇമാം കൗണ്‍സില്‍, ആള്‍ ഇന്ത്യാ റസാ അക്കാദമി, മുഈനി എജ്യുമിഷന്‍ തുടങ്ങിയ സംഘടകളുടെ പ്രതിനിധികളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സുന്നി പണ്ഡിത പ്രമുഖരും ഉള്‍പ്പെടെ തിരഞ്ഞെടുത്ത പ്രതിനിധികളായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക.
തുടര്‍ന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ അന്താരാഷ്ട്ര അറബിക് കോണ്‍ഫ്രന്‍സില്‍ ഡോ. അബ്ദുയമാനി അന്താരാഷ്ട്ര പുരസ്‌കാരം കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ ഏറ്റുവാങ്ങും. പ്രൊഫ. എന്‍ പി മഹ്മൂദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് സുഡാന്‍ അംബാസിഡര്‍ ഡോ. സിറാജുദ്ദീന്‍ ഹാമിദ് ഉല്‍ഘാടനം ചെയ്യും. സഊദി നയതന്ത്ര പ്രതിനിധി ഡോ. ഫൈസല്‍ അല്‍ മത്‌റൂദി അദുയമാനി പുരസ്‌കാരം സമ്മാനിക്കും. ഡോ. വാഇല്‍ ബതറഖി- ഫലസ്തീന്‍, ഡോ. മാസിന്‍ മഹ്ദി ഐദറൂസ് അല്‍ ജിഫ്രി-യമന്‍, അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി-ഇന്ത്യ, അഹ്മദ് മുബാറക്-ടുണീഷ്യ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. തുടര്‍ന്ന് ജോര്‍ദാന്‍ അംബാസിഡര്‍ ഹസന്‍ മഹ്മൂദ് ജവാര്‍നഹി, ഉസ്മാന്‍ ഈസ (ലിബിയ), ഡോ. അഹ്മദ് അല്‍ മശാനി (ഖത്വര്‍), ഡോ. മുഹമ്മദ് ഗറാബ് (മൊറോക്കോ) ഡോ. അഹ്മദ് സാലിം (ഒമാന്‍), ഡോ. ശരീഫ് കാമില്‍ ഈജിപ്ത്, തറയിട്ടാല്‍ ഹസന്‍ സഖാഫി, നൗഫല്‍ മുഹമ്മദ് ഖുദ്‌റാന്‍ സംസാരിക്കും.
ശരീഅത്ത് കൗണ്‍സിലിനോടനുബന്ധിച്ച് ജാമിഅ മര്‍കസുസ്സഖാഫത്തി സ്സുന്നിയ്യ, ജാമിഅ സഅദിയ്യ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദ-ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ഉത്തരേന്ത്യന്‍ സഖാഫി, സഅദി പണ്ഡിതന്‍മാരുള്‍പ്പെടെ യുവ പണ്ഡിതരുടെ സംയുക്ത സംഗമം രാവിലെ ഒമ്പതിന് നടക്കും. ഉത്തരേന്ത്യന്‍ പ്രബോധനത്തിന്റെ ചരിത്രവും വര്‍ത്തമാനവും ചര്‍ച്ച ചെയ്യുന്ന സംഗമം ഭാവിയിലെ പ്രബോധന മുന്നേറ്റങ്ങളുടെ നൂതന വഴികള്‍ക്ക് രൂപം നല്‍കും. മര്‍കസ്, സഅദിയ്യ ഭാരവാഹികള്‍, സഖാഫി ശൂറ പ്രതിനിധികള്‍, സഅദി അസോസിയേഷന്‍ പ്രതിനിധികള്‍, ഉത്തരേന്ത്യന്‍ പണ്ഡിത പ്രമുഖര്‍ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കും. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഉബൈദുല്ല സഖാഫി, ബി സ് അബ്ദുല്ല കുഞ്ഞി ഫൈസി, വി എം കോയ മാസ്റ്റര്‍, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില സംസാരിക്കും.

 

Latest