മലയാളി കൊല്ലപ്പെട്ട കേസില്‍ ശിക്ഷ ശരിവെച്ചു

Posted on: December 16, 2016 8:13 pm | Last updated: December 16, 2016 at 8:13 pm

ഷാര്‍ജ: മോഷണ ശ്രമത്തിനിടെ മലയാളി ഗ്രോസറി ജീവനക്കാരന്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ മരിച്ച കേസിലെ പ്രതിക്ക് ഷാര്‍ജ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവും പതിനായിരം ദിര്‍ഹം പിഴയടക്കാനും വിധിച്ചു. മരിച്ചയാളുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം ദിയാധനവും നല്‍കണം.

പാലക്കാട് ചാലിശ്ശേരി പഞ്ചായത്തിലെ പട്ടിശ്ശേരി സ്വദേശി മുച്ചിക്കല്‍ ഹൗസില്‍ മുഹമ്മദ് അബൂബക്കറാ(48)ണ് മരിച്ചത്. പ്രതി സ്വദേശി യുവാവാണ്. 2015 ജൂലൈ 26നായിരുന്നു കേസിനാസ്പദമായ സംഭവം. ഷാര്‍ജ അല്‍ ഹസാന പ്രദേശത്തെ കുവൈത്തി ആശുപത്രിക്ക് സമീപത്തെ റഹീം ഗ്രോസറി ജീവനക്കാരനായിരുന്നു മുഹമ്മദ് അബൂബക്കര്‍. രാത്രി 10ന് ഫോര്‍വീലറിലെത്തിയ പ്രതി മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് കൂപ്പണ്‍ വാങ്ങി പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമിക്കുകയും ഇത് മുഹമ്മദ് അബൂബക്കര്‍ തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പിടിവലിക്ക് ശേഷം മുഹമ്മദ് അബൂബക്കറിന്റെ കൈ വാഹനത്തിന്റെ വാതിലില്‍ കുടുങ്ങിക്കിടക്കുകയും മുന്നോട്ട് നീങ്ങിയ വാഹനത്തില്‍ നിന്ന് റോഡിലേയ്ക്ക് തലയടിച്ച് വീണ് ഗുരുതര പരുക്കേല്‍ക്കുകയുമായിരുന്നു. 20 ദിവസത്തിന് ശേഷം ഇദ്ദേഹം ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയില്‍ മരിച്ചു. പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ഈ വര്‍ഷം ജൂണ്‍ 28ന് പ്രതിക്ക് കീഴ്‌കോടതി മൂന്ന് വര്‍ഷം തടവും 10,000 ദിര്‍ഹം പിഴയടക്കാനും മുഹമ്മദ് അബൂബക്കറിന്റെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം ദിയാ ധനവും നല്‍കാനും വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം വര്‍ധിപ്പിക്കാനായി മുഹമ്മദ് അബൂബക്കറിന്റെ കുടുംബത്തിന് വീണ്ടും അപ്പീല്‍ നല്‍കാവുന്നതാണ്. ഷാര്‍ജയിലെ മുഹമ്മദ് സല്‍മാന്‍ അഡ്വക്കേറ്റ്‌സിലെ അബ്ദുല്ല സല്‍മാന്‍ അല്‍ മര്‍സൂയി, അബ്ദുല്‍ അസീസ് അല്‍ സര്‍ഊനി എന്നിവരാണ് കോടതിയില്‍ ഹാജരായത്.