നോട്ട് അസാധുവാക്കൽ: നിയമസാധുത ഭരണഘടനാ ബഞ്ച് പരിശോധിക്കും

Posted on: December 16, 2016 3:12 pm | Last updated: December 16, 2016 at 11:08 pm

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയുടെ നിയമസാധുത പരിശോധിക്കുന്നത് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. ഇതുമായി ബന്ധപ്പെട്ട് തീര്‍പ്പ് കല്‍പ്പിക്കേണ്ട ഒന്‍പത് വിഷയങ്ങളുടെ പട്ടിക കോടതി തയ്യാറാക്കിയിട്ടുണ്ട്. ഈ വിഷയങ്ങളാകും ഭരണഘടനാ ബഞ്ച് പരിശോധിക്കുക.

നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം 1934ലെ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ പ്രകാരമാണോ, വിജ്ഞാപനം ഭരണഘടനയുടെ 300 എ വകുപ്പിന്റെ ലംഘനമാണോ, ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചത് നിയമപ്രകാരം നിലനില്‍ക്കുമോ തുടങ്ങിയ കാര്യങ്ങള്‍ ഭരണഘടനാ ബഞ്ച് പരിശോധിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. നോട്ട് നിരോധനത്തിന് എതിരെയും സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ചതുമായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി.

സഹകണ ബാങ്കുകള്‍ക്കും പൊതുമേഖലാ ബാങ്കുകള്‍ക്ക് ആനുപാതികമായി പണം നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം സഹകരണബാങ്കുകളുടെ അടക്കം വിഷയങ്ങളില്‍ ഇപ്പോള്‍ ഇടപെടില്ലെന്നും കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം എടുത്ത തീരുമാനമാണിതെന്നും കോടതി നിരീക്ഷിച്ചു.